തിരുവനന്തപുരം വെമ്പായത്ത് 62കാരി വെട്ടേറ്റ് മരിച്ച നിലയില്‍; അയല്‍വാസി പൊലീസ് പിടിയില്‍

single-img
22 June 2021

തിരുവനന്തപുരത്ത് അറുപത്തിരണ്ടുകാരി വെട്ടേറ്റ് മരിച്ചു. വെമ്പായം, ചീരാണിക്കര അരശുംമൂട്ടില്‍ സരോജം ആണ് മരിച്ചത്.അയല്‍വാസി ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. മകന്‍ കുടുംബവുമായി താമസിക്കുന്ന വീടിനോട് ചേര്‍ന്നാണ് സരോജത്തിന്റെയും വീട്. രണ്ട് മണിയോടെ മകന്റെ വീട്ടില്‍ മദ്യലഹരിയില്‍ അതിക്രമിച്ചെത്തിയ അയല്‍വാസി ബൈജു ബഹളമുണ്ടാക്കി. വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. ഈ ശബ്ദം കേട്ട് കയറി വന്നതാണ് സരോജം. ബൈജുവിനെ പിന്തിരിപ്പിക്കാന്‍ എത്തിയ സരോജം കൈയില്‍ വെട്ടുകത്തി കരുതിയിരുന്നു. ഈ വെട്ടുകത്തി പിടിച്ച് വാങ്ങിയാണ് ബൈജു സരോജത്തെ വെട്ടിയത്.

സരോജത്തിന്റെ മുഖത്തും, കഴുത്തിലും ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്.സംഭവം നടന്ന ഉടന്‍ തന്നെ ബൈജുവിനെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്ക് മുന്‍വൈരാഗ്യം ഉണ്ടോയെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടില്ല. കൊലപാതകം മദ്യലഹരിയിലെന്നും അന്വേഷണം പുരോഗമിക്കുന്നതായുംസംഭവ സ്ഥലം സന്ദര്‍ശിച്ചറൂറല്‍ എസ്പി പി കെ മധു പറഞ്ഞു. സ്ഥലത്ത് ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു. സരോജത്തിന്റെ മകന്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്.