വിസ്മയയുടെ മരണം; കിരണ്‍കുമാറിനെ സര്‍വ്വീസില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്തു

single-img
22 June 2021

കൊല്ലത്തെ ഭര്‍തൃവീട്ടില്‍ വിസ്‍മയ എന്ന 24കാരി തൂങ്ങിമരിച്ച നലയില്‍ കാണപ്പെട്ട സംഭവത്തില്‍ ഭർത്താവും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനുമായ കിരണ്‍കുമാറിനെ സര്‍വ്വീസില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്തു . സംസ്ഥാന മോട്ടോര്‍വെഹിക്കിള്‍ വകുപ്പില്‍ അസിസ്റ്റന്‍റ് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‍പെക്ടറായ കിരണിനെ സര്‍വ്വീസില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്‍തതായി ഗതാഗത മന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്.

കിരണിന്റെ സസ്‍പെന്‍ഷന്‍ ആദ്യഘട്ട നടപടി മാത്രമായിരിക്കുമെന്നും കേസിന്‍റെ പുരോഗതിക്ക് അനുസരിച്ച് ഇയാളെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യുന്നത് ഉള്‍പ്പെടുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്നും മോട്ടോര്‍വാഹന വകുപ്പിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ മുന്‍പ് പറഞ്ഞിരുന്നു.വിസ്മയ യുടെ മരണത്തിന് പിന്നാലെ സര്‍വ്വീസ് സംഘടനകള്‍ ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ കര്‍ശന നിലപാടാണ് സ്വീകരിച്ചത്. നിലവില്‍ അറസ്റ്റിലായ കിരണിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി.

വിസ്‍മയയെ താന്‍ മർദ്ദിച്ചിരുന്നതായി കിരൺ പൊലീസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു . കിരണിന്‍റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഗാർഹിക പീഡന നിരോധന നിയമ പ്രകാരമാണ് കിരണിനെതിരെ കേസ് ചുമത്തുക. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ മറ്റ് വകുപ്പുകൾ ചുമത്തുന്ന കാര്യം പരിഗണിക്കൂ. കിരണിന്‍റെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ പരിശോധിക്കുകയാണ് പൊലീസ്. സംഭവത്തിൽ പഴുതടച്ചുളള അന്വേഷണമുണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കി.