ബീഫ് നിരോധനം ഉള്‍പ്പെടെ ലക്ഷദ്വീപിലെ രണ്ട് വിവാദ ഉത്തരവുകള്‍ റദ്ദാക്കി കേരളാ ഹൈക്കോടതി

single-img
22 June 2021

പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപില്‍ സ്ഥാനം ഏറ്റെടുത്തശേഷം അഡ്മിനിസ്‌ട്രേഷന്‍ പുറപ്പെടുവിച്ച രണ്ട് വിവാദ ഉത്തരവുകള്‍ക്ക് കേരള ഹൈക്കോടതിയുടെ സ്‌റ്റേ. പശുക്കളെ വളർത്തിയിരുന്ന ഡയറി ഫാം അടച്ചുപൂട്ടിയതിനും ഉച്ചഭക്ഷണത്തില്‍ നിന്ന് ബീഫ് ഒഴിവാക്കിയതുമാണ് ഹൈക്കോടതി ഇന്ന് സ്‌റ്റേ ചെയ്തത്.

ഇദ്ദേഹം ദ്വീപിലേക്ക് എത്തിയ ശേഷം നടപ്പാക്കിയ പുതിയ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരേ നിലവില്‍ കേരള ഹൈക്കോടതിയില്‍ നിരവധി ഹർജികളുണ്ട്. പൂർണ്ണമായും ജനവിരുദ്ധമായ തീരുമാനങ്ങൾ നടപ്പാക്കുന്നതായി ആരോപിച്ചുള്ള അഡ്മിനിസ്‌ട്രേറ്ററുടെ നടപടിക്കെതിരേയുള്ള സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ഭാഗമായുള്ള നിയമനടപടികളും കേരള ഹൈക്കോടതിയിലേക്ക് വരാനിരിക്കുകയാണ്.

അതേസമയം, നേരത്തെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ലക്ഷദ്വീപ് ജനത നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ കേരളമാണെന്ന് ആരോപിച്ച് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ രംഗത്തെത്തിയിരുന്നു. ദ വീക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രഫുല്‍ പട്ടേല്‍ ഇത്തരത്തിൽ ഒരു അഭിപ്രായപ്രകടനം നടത്തിയത്.