തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ്; കോണ്‍ഗ്രസില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല: ധര്‍മ്മജന്‍

single-img
22 June 2021

നിയമസഭാ തെരഞ്ഞെടുപ്പിലെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് വിഷയത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് നടനും ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്‍മജന്‍. “ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് നീതി ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. തെരഞ്ഞെടുപ്പില്‍ നടന്ന ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് മുല്ലപ്പള്ളിക്ക് ഞാന്‍ പരാതി അയച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഒരു മറുപടി പോലും തന്നില്ല.

എന്തായിരുന്നു ധര്‍മ്മജാ സംഭവിച്ചത് എന്ന് ചോദിക്കാനുള്ള മര്യാദ പോലും മുല്ലപ്പള്ളി കാണിച്ചില്ല. ഇനി ഇപ്പോള്‍ വന്ന പുതിയ കെപിസിസി പ്രസിഡന്റ് വിഷയം എന്നോട് ചോദിക്കുമോയെന്ന് പോലും എനിക്ക് അറിയില്ല. ഇത് കോണ്‍ഗ്രസിന്റെ പ്രശ്നമാണ്. എന്നാല്‍ ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലാണെങ്കില്‍, അപ്പോള്‍ തന്നെ ചോദ്യം ചെയ്യപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുമായിരുന്നു”. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അതില്ലായെന്ന് ധര്‍മ്മജന്‍ പറയുന്നു

തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റെങ്കിലും ഞാന്‍ കോണ്‍ഗ്രസിനൊപ്പം തന്നെയാണ്. ഞാന്‍ ഒരു കട്ട കോണ്‍ഗ്രസുകാരനാണ്. എന്നാല്‍ കോണ്‍ഗ്രസ് ഇനിയും കുറെ മെച്ചപ്പെടാനുണ്ട്. പഴയ കോണ്‍ഗ്രസല്ല ഇപ്പോള്‍. വിഡി സതീശനും കെ സുധാകരനും വന്നപ്പോള്‍ ഒരു പ്രതീക്ഷയുണ്ട്.

നേരത്തെ ഉള്ളവരില്‍ നിന്നും വ്യത്യസ്തമായി ഗ്രൂപ്പുകള്‍ ഇല്ലാതെയാണ് ഇവര്‍ രണ്ടു പേരും വന്നിരിക്കുന്നത്. അതിലുള്ള ഒരു സന്തോഷം എനിക്കുണ്ട്. ഗ്രൂപ്പുകള്‍ മറന്ന് എല്ലാവരും ഒരുമിച്ച് നിന്നാല്‍ മാത്രമേ കോണ്‍ഗ്രസ് രക്ഷപ്പെടൂവെന്നും ധര്‍മ്മജന്‍ കൂട്ടിച്ചേര്‍ത്തു.