തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ ഏകോപനം മുഴുവന്‍ പാളി; ബിജെപിക്കെതിരെ ആർഎസ്എസ് നേതൃയോഗം

single-img
20 June 2021

കേരളത്തിലെ ബിജെപി നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയുമായി ആർഎസ്എസ്. കൊച്ചിയിൽ ഇപ്പോള്‍ നടക്കുന്ന ആർഎസ്എസ്- ബിജെപി നേതൃയോഗത്തിലാണ് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലടക്കം ഉണ്ടായ പാളിച്ചകളിൽ ബിജെപിയുടെ സംസ്ഥാനനേതൃത്വത്തിന് കാര്യമായ വീഴ്ച പറ്റിയെന്നും, അനാവശ്യവിവാദങ്ങളിൽച്ചെന്ന് വീണെന്നും രൂക്ഷമായ വിമർശനമുയർന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ ഏകോപനം മൊത്തത്തിൽ പാളിയെന്ന വിലയിരുത്തലാണ് യോഗത്തിലുയർന്നത്. ഇതിന്റെ തുടക്കമായി സ്ഥാനാർത്ഥി നിർണയത്തിൽ അനാവശ്യവിവാദമുണ്ടാക്കി. കേരളത്തിലെ ബിജെപിക്ക് തലവേദനയായ ഗ്രൂപ്പിസത്തിനെതിരെയും യോഗത്തിൽ കടുത്ത വിമർശനമാണുയർന്നത്.

ഇപ്പോള്‍ വിവാദമായി കത്തിനില്‍ക്കുന്ന കൊടകര കുഴൽപ്പണക്കേസ്, സി കെ ജാനുവിന് കെ സുരേന്ദ്രൻ വയനാട്ടിൽ എന്‍ഡിഎ മുന്നണിയുടെ ഭാഗമായി മത്സരിക്കാനായി കോഴപ്പണം നൽകിയെന്ന പ്രസീത അഴീക്കോടിന്‍റെ വെളിപ്പെടുത്തൽ, മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറാൻ കെ സുരേന്ദ്രന്‍റെ അനുയായികൾ അടക്കമുള്ളവർ 2016-ൽ കെ സുന്ദരയ്ക്ക് പണം നൽകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് എന്നിങ്ങനെയുള്ള വെളിപ്പെടുത്തലുകളിലടക്കം പാർട്ടി പ്രതിരോധത്തിലായ പശ്ചാത്തലത്തിലാണ് ആർഎസ്എസ് ഇടപെട്ട് നേതൃയോഗം വിളിച്ചത്.