ഇന്നലെ അന്തരിച്ച മോഹനന്‍ വൈദ്യര്‍ക്ക് കോവിഡ് പോസ്റ്റീവ് ആയിരുന്നെന്ന് പരിശോധനാഫലം

single-img
20 June 2021

ഇന്നലെ മരിച്ച മോഹനന്‍ വൈദ്യര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണാനന്തരം നടത്തിയ കോവിഡ് പരിശോധനയിലാണ് മോഹനന്‍ നായര്‍ എന്ന മോഹനന്‍ വൈദ്യര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തുംമുമ്പ് മരണം സംഭവിച്ചിരുന്നതായി മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ശനിയാഴ്ച രാത്രി 9.20നാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ആലപ്പുഴ സ്വദേശിയായ മോഹനന്‍ വൈദ്യര്‍ കുറച്ചുനാളായി കാലടിയിലെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. മൂന്ന് ദിവസമായി വയറിളക്കമുണ്ടായിരുന്നതായി ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞു. മൃതദേഹം കോവിഡ് പരിശോധനയ്ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മോഹനന്‍ വൈദ്യരുടെ ചികിത്സാരീതികള്‍ക്കെതിരെയും പ്രചാരണങ്ങള്‍ക്കെതിരെയും വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. കോവിഡിന് വ്യാജ ചികിത്സ നല്‍കിയതിന് തൃശൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അശാസ്ത്രീയ ചികിത്സയെ തുടര്‍ന്ന് ഒന്നരവയസ്സുകാരി മരിച്ചെന്ന പരാതിയിലും ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു.