ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് രജിസ്റ്റര്‍ ചെയ്തത് 4435 കേസുകള്‍

single-img
20 June 2021

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4435 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1824 പേരാണ്. 2494 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 9140 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റീന്‍ ലംഘിച്ചതിന് 46 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് 1,07,474 സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 11,647 പേര്‍ക്കാണ്. രോഗമുക്തി 12,459 പേര്‍ക്കും. സംസ്ഥാനത്ത് 1,05,936 ആണ് ആക്ടീവ് കേസുകള്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 112 മരണങ്ങള്‍ കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ 12,060 ആയി. ആരോഗ്യ പ്രവര്‍ത്തകരായ 57 പേരും ഇന്ന് രോഗ ബാധിതരായിട്ടുണ്ട്. സംസ്ഥാനത്ത് 178 പ്രദേശങ്ങളില്‍ ടിപിആര്‍ 8ന് താഴൊണ്. രോഗവ്യാപനത്തോത് 8നും 20നും ഇടയ്ക്കുള്ള 633 പ്രദേശങ്ങളും ടിപിആര്‍ 20നും 30നും ഇടയ്ക്കുള്ള 208 പ്രദേശങ്ങളും സംസ്ഥാനത്തുണ്ട്. 16 ഇടങ്ങളില്‍ ടിപിആര്‍ 30നും മുകളിലാണ്. ഇന്ന് ഏറ്റവും കൂടുതല്‍ രോഗികളുളളത് തലസ്ഥാനത്താണ്.
രോഗവ്യാപനത്തോത് 30 ന് മുകളിലുളള പ്രദേശങ്ങളില്‍ പകുതിയും തിരുവനന്തപുരത്താണ്. തിരുവനന്തപുരം ജില്ലയിലെ അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂര്‍, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്, എറണാകുളത്തെ ചിറ്റാറ്റുകര, പാലക്കാട് നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറത്ത് തിരുനാവായ, വയനാട് മൂപ്പൈനാട്, കാസര്‍ഗോഡ് ബേഡഡുക്ക, മധൂര്‍ എന്നിവയാണ് ടിപിആര്‍ 30ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍.