കോവിഡ് വ്യാപനം കുറഞ്ഞു, ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍: ഹോട്ടലുകളും ജിമ്മുകളും തുറക്കാന്‍ അനുമതി

single-img
20 June 2021

കോവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ കടകളും രാവിലെ ആറ് മുതല്‍ വൈകീട്ട് അഞ്ചു മണി വരെ തുറന്നുപ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ 50 ശതമാനം സീറ്റുകളില്‍ ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നല്‍കി. പൊതുഗതാഗതവും ഭാഗീകമായി അനുവദിച്ചിട്ടുണ്ട്. ജിമ്മുകള്‍ക്കും തുറക്കാന്‍ അനുമതി നല്‍കി. ബെംഗളൂരു ഉള്‍പ്പടെ 16 ജില്ലകളിലാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.

അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന 13 ജില്ലകളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും. വൈകീട്ട് ഏഴ് മുതല്‍ രാവിലെ അഞ്ചു വരെ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ സംസ്ഥാനത്തുടനീളം തുടരും.ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഒരു ശതമാനമായതോടെ തെലങ്കാനയില്‍ ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ ഇന്നലെ തീരുമാനിച്ചിരുന്നു. കോവിഡ് രണ്ടാം തരംഗത്തിലെ രോഗവ്യാപനം കുറയുന്ന സാഹചര്യം കണക്കിലെടുത്താണ് ലോക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

തമിഴ്‌നാട്ടില്‍ ഇന്നലെ 8,183 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 8,912 പേര്‍ക്കും കര്‍ണാടകയില്‍ 5,815 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 5,674 പേര്‍ക്കും പശ്ചിമബംഗാളില്‍ 2,486 പേര്‍ക്കും ഒഡീഷയില്‍ 3,427 പേര്‍ക്കും ആസാമില്‍ 3,571 പേര്‍ക്കും തെലുങ്കാനയില്‍ 1,362 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.