വായനയിലൂടെ സമൂഹത്തെ നവീകരിക്കാനാവണം: മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍

single-img
19 June 2021


മലയാളികളുടെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് വായനയെന്നും കേവലമായൊരു പ്രക്രിയ എന്നതിനപ്പുറത്ത് മനുഷ്യനെ നവീകരിക്കാനും മുന്നോട്ടുനയിക്കാനും പ്രാപ്തമാക്കുന്ന ബോധന തലം കൂടി വായനക്കുണ്ടെന്നും തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന ലൈബ്രറികളുടെ വായനാദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ദേശീയ പ്രസ്ഥാനം സജീവമായ ഘട്ടം മുതല്‍ കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനവും വായനശാലകളും ശക്തിപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലും സാമൂഹ്യപരിഷ്‌കരണ മുന്നേറ്റങ്ങളിലും ജനങ്ങളെ കണ്ണികളാക്കുന്നതിനുള്ള ആശയപരിസരം വിപുലീകരിക്കപ്പെടുന്നത് ഗ്രന്ഥാശാലാ പ്രസ്ഥാനങ്ങളിലൂടെ വിപുലമാക്കപ്പെട്ട വായനയുടെ ഉയര്‍ന്ന തലങ്ങളില്‍ കൂടിയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് നാടകപ്രസ്ഥാനവും മറ്റ് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും നാടാകെ വ്യാപിക്കപ്പെട്ടത്. ഇന്നും ഗ്രന്ഥശാലകളും വായനശാലകളും സമൂഹത്തിന് ദിശാബോധം നിര്‍ണയിക്കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. അവയെ ശക്തിപ്പെടുത്തി കേരളത്തിന്റെ പുരോഗമനപാതയെ കൂടുതല്‍ കരുത്തുറ്റതാക്കി മാറ്റാന്‍ ഇത്തരത്തിലുള്ള പരിപാടികളിലൂടെയും അതിന്റെ തുടര്‍ച്ചകളിലൂടെയും സാധിക്കണമെന്ന് മന്ത്രി പറഞ്ഞു.