പിണറായിയെ ചവിട്ടിവീഴ്ത്തിയെന്ന് താൻ പറഞ്ഞത് ഓഫ് ദി റെക്കോർഡായി; മനോരമ ലേഖകൻ അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചെന്ന് കെ സുധാകരൻ

single-img
19 June 2021
k sudhakaran pressmeet

മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെ പത്രസമ്മേളനം. തനിക്കെതിരെ മുഖ്യമന്ത്രി സംസാരിച്ചത് അദ്ദേഹത്തിൻ്റെ പദവിയ്ക്ക് യോജിക്കാത്ത ഭാഷയിലാണെന്ന് കെ സുധാകരൻ. പി ആർ ഏജൻസികളുടെ മുഖംമൂടികൾ അഴിച്ചുവെച്ച പിണറായി വിജയനെയാണ് ഇന്നലെ പത്രസമ്മേളനത്തിൽ കണ്ടതെന്നും കെ സുധാകരൻ ആരോപിച്ചു.

അതേസമയം, താൻ പിണറായിയെ ചവിട്ടിവീഴ്ത്തിയെന്ന് പറഞ്ഞത് അഭിമുഖത്തിൻ്റെ ഭാഗമായിട്ടല്ലെന്നും കെ സുധാകരൻ പറഞ്ഞു. മനോരമ വാരികയുടെ ലേഖകനോട് ഓഫ് ദി റെക്കോർഡായി പറഞ്ഞ് അദ്ദേഹം അനുവാദമില്ലാതെ പ്രസിദ്ധീകരിക്കുകയായിരുന്നു. ഇത്തരമൊരു സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് ലേഖകൻ ചോദിച്ചപ്പോഴാണ് അത് പറഞ്ഞത്. പ്രസിദ്ധീകരിക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നുവെന്നും മനോരമ വാരികയുടെ ലേഖകൻ മാധ്യമധർമ്മത്തിന് വിരുദ്ധമായി അത് പ്രസിദ്ധീകരിച്ചുവെന്നും സുധാകരൻ ആരോപിച്ചു.

ബ്രണ്ണൻ കോളജിൽ അന്ന് അങ്ങനെ ഒരു സംഭവമുണ്ടായി എന്നത് യാഥാർത്ഥ്യമാണെന്നും എന്നാൽ അത് പ്രസിദ്ധീകരിക്കപ്പെട്ട് പൊതുസമൂഹത്തിൽ ചർച്ചയാകണം എന്ന് താൻ ആഗ്രഹിച്ചിരുന്നില്ലെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.