മക്കളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന് പറഞ്ഞത് ആരെന്ന് മുഖ്യമന്ത്രി പറയണം; അച്ഛന്റെ സ്ഥാനത്താണോ അദ്ദേഹമെന്ന് എനിക്ക് സംശയമുണ്ട്: കെ സുധാകരൻ

single-img
19 June 2021
k sudhakaran pinarayi vijayan

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മക്കളെ തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സ്വന്തം മക്കളെ തട്ടികൊണ്ടു പോകാന്‍ പദ്ധതിയിട്ടിരുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് പിണറായി വിജയന്‍ വിവരം പൊലീസില്‍ അറിയിച്ചില്ലെന്ന് കെ സുധാകരൻ ചോദിച്ചു.

പിണറായിയെ ചവിട്ടിവീഴ്ത്തിയെന്ന് താൻ പറഞ്ഞത് ഓഫ് ദി റെക്കോർഡായി; മനോരമ ലേഖകൻ അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചെന്ന് കെ സുധാകരൻ

”ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ അന്തസ്സിന് യോജിച്ചതല്ല. സ്വന്തം മക്കളെ തട്ടികൊണ്ടു പോകാന്‍ പദ്ധതിയിട്ടിരുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് പിണറായി വിജയന്‍ വിവരം പൊലീസില്‍ അറിയിച്ചില്ല. ആരാണ് ഈ കാര്യം പറഞ്ഞത്, മരിച്ച് പോയ സുഹൃത്തും ഫിനാന്‍സറുമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കോളേജ് വിദ്യാര്‍ഥിക്കെന്ത് ഫിനാന്‍സര്‍. എനിക്ക് അങ്ങനെ ഒരാളെ അറിയില്ല.“ കെ സുധാകരൻ പറഞ്ഞു.

കെ സുധാകരൻ തൻ്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നതായി മരിച്ചുപോയ ഒരു കോൺഗ്രസ് നേതാവ് തന്നോട് വ്യക്തിപരമായി പറഞ്ഞിരുന്നുവെന്ന് പിണറായി വിജയൻ ആരോപിച്ചിരുന്നു.

തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ കെ സുധാകരന്‍ പദ്ധതിയിട്ടു; ആരോപണവുമായി മുഖ്യമന്ത്രി

മരിച്ചയാള്‍ക്ക് എന്തേ പേരില്ല. മുഖ്യമന്ത്രി എന്തു കൊണ്ട് അദ്ദേഹത്തിന്റെ പേര് പറയുന്നില്ല. പൊലീസില്‍ പരാതി കൊടുത്തില്ല.. എന്തുകൊണ്ട് മറ്റാരോടും പറഞ്ഞില്ല. മക്കള്‍ക്ക് ഭീഷണിയുണ്ടെന്ന കാര്യം അമ്മമാരോടും ഭാര്യയോടുമാണ് എല്ലാവരും പറയുന്നത്. അവരുടെ സുരക്ഷയെ കരുതി. എന്നാല്‍ പിണറായി അത് പറഞ്ഞില്ല. അച്ഛന്റെ സ്ഥാനത്താണോ അദ്ദേഹമെന്ന് തനിക്ക് സംശയമുണ്ടെന്നും കെ സുധാകരൻ പറഞ്ഞു.

ബ്രണ്ണന്‍ കോളേജിലെ സംഘര്‍ഷത്തിനിടെ പിണറായി വിജയനെ കൈകാര്യം ചെയ്തുവെന്ന പരാമര്‍ശത്തിന് പിന്നാലെയാണ് സുധാകരനും മുഖ്യമന്ത്രിയും തമ്മിലുള്ള വാക്കുതര്‍ക്കം ആരംഭിച്ചത്. തന്നെ തല്ലിയെന്നും ചവിട്ടിയെന്നും സുധാകരന്‍ പറയുന്നത് സ്വപ്നത്തിലാവുമെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി നല്‍കിയ മറുപടി.