രാജ്യത്ത് വാക്സിനേഷന്‍ വേഗത വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം

single-img
19 June 2021

ഇന്ത്യയില്‍ കോവിഡ് വ്യാപന തോത് കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. വ്യാപന ശൃംഖല തകര്‍ക്കുന്നതില്‍ നിര്‍ണായകമാണ് പ്രതിരോധ കുത്തുവെപ്പെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു.വ്യാപനതോത് കുറഞ്ഞ് അണ്‍ലോക്കിലേക്ക് പ്രവേശിക്കുമ്പോള്‍ സ്ഥിതിഗതികള്‍ സൂക്ഷമമായി പരിശോധിക്കണം.

കോവിഡ് പ്രോട്ടോക്കോളുകളില്‍ അലംഭാവം പാടില്ല. പരിശോധന-ചികിത്സ-വാക്സിനേഷന്‍ തന്ത്രത്തില്‍ വിട്ടുവീഴ്ച വരുത്തരുതെന്നും ചൂണ്ടിക്കാട്ടി. ഓരോ പ്രദേശത്തേയും സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ടു വേണം നിയന്ത്രണം എടുത്തുകളയാനും ഏര്‍പ്പെടുത്താനും. കേസുകള്‍ കുറയുന്നതോടെ ഇളവുകള്‍ നല്‍കേണ്ടത് ആവശ്യമാണ്. എന്നാല്‍, എല്ലാം കൃത്യമായി അവലോകനം ചെയ്തുവെന്ന് ഉറപ്പാക്കിയതിന് ശേഷം വേണം എല്ലാം നടപ്പാക്കാനെന്നും അദ്ദേഹം പറഞ്ഞു. ഇളവുകള്‍ ഏര്‍പ്പെടുത്തിയതോടെ ചില സംസ്ഥാനങ്ങളിലെ ചന്തകളിലും പൊതുവിടങ്ങളിലും മറ്റും ആള്‍ക്കൂട്ടം രൂപപ്പെട്ടതും കേന്ദ്രം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിനാല്‍ ഇളവുകള്‍ നല്‍കുമ്പോള്‍ അലംഭാവം ഉണ്ടാകരുതെന്നാണ് കേന്ദ്രത്തിന്റെ ഓര്‍മപ്പെടുത്തല്‍