ഒരു ഗുണ്ടാ നേതാവിനെ കെപിസിസി അധ്യക്ഷനാക്കി; കോണ്‍ഗ്രസ് മാഫിയ രാഷ്ട്രീയത്തിന്റെ തടവിലെന്ന് എ എ റഹീം

single-img
19 June 2021

സംസ്ഥാനത്ത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എതിരെ ഡിവൈഎഫ്‌ഐ നേതാവ് എ എ റഹീം. കോണ്‍ഗ്രസ് മാഫിയ രാഷ്ട്രീയത്തിന്റെ തടവിലാണെന്ന് റഹീം പറഞ്ഞു. ഒരു ഗുണ്ടാ നേതാവിനെ കെപിസിസി അധ്യക്ഷനാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രൊഡക്ടീവ് പൊളിറ്റിക്സ് ഇതാണോ എന്ന് എ എ റഹീം ചോദിച്ചു. രണ്ട് പുതിയ വെളിപ്പെടുത്തലുകള്‍ സുധാകരന്‍ നടത്തിയെന്നും റഹീം. സേവറി ഹോട്ടലിലെ നാണുവേട്ടനെ കൊന്നത് കോണ്‍ഗ്രസുകാര്‍ തന്നെയെന്നും കൊല്ലപ്പെട്ട നാല്‍പ്പാടി വാസു സാധുവായിരുന്നുവെന്നും. ജാഥ നടത്തിയ തനിക്ക് എതിരെ നാല്‍പ്പാടി വാസു അക്രമണം നടത്തിയെന്നാണ് നേരത്തെ സുധാകരന്‍ പറഞ്ഞിരുന്നത്.

അതിനാല്‍ നിരപരാധികളായ രണ്ട് മനുഷ്യരെ കൊന്നുവെന്ന് സുധാകരന്‍ കുറ്റസമ്മതം നടത്തിയെന്ന് റഹീം. ഈ കേസുകളില്‍ കൂടുതല്‍ അന്വേഷണം പൊലീസ് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചോരപുരണ്ട കൈകളുമായാണ് കെ സുധാകരന്‍ ഗാന്ധിപ്രതിമയ്ക്ക് താഴെ കെപിസിസി അധ്യക്ഷന്‍ കസേരയില്‍ അമര്‍ന്നിരിക്കുന്നതെന്നും എ എ റഹീം കൂട്ടിച്ചേര്‍ത്തു.