നിയന്ത്രണം പാലിച്ച് വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകണം: മുഖ്യമന്ത്രി

single-img
18 June 2021

കേരളത്തില്‍ കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാംതരംഗത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോള്‍ അവസാനിച്ച രണ്ടാംതംരഗത്തിന് ഇടയാക്കിയ ഡെൽറ്റ വൈറസിനെക്കൾ അതിവ്യാപനശേഷിയുള്ള വൈറസിന്റെ ആവിർഭാവം തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിലവില്‍ അങ്ങനെയൊന്നില്ലെങ്കിലും അതീവ ജാഗ്രത പുലര്‍ത്തേണ്ട കാര്യമാണിത്. ഇവിടെ നാം മാത്രമായി കഴിയുന്ന സമൂഹമല്ല നമ്മുടേത്. ഇവിടേക്ക് വന്നുചേരുന്നവരും ഇവിടെനിന്ന് പോയി തിരിച്ചുവരുന്നവരുണ്ട്. ഒരുപക്ഷെ അതിവ്യാപനശേഷിയുള്ള വൈറസുമായി ഇവിടെ എത്തുന്നവര്‍ക്ക് അനേകം പേരില്‍ വൈറസ് കൊടുക്കാന്‍ സാധിക്കും.

ഇത്തരത്തിലുള്ള സാധ്യതയെ ഗൗരവമായി കാണണമെന്നും അതുകൊണ്ടാണ് തുടര്‍ച്ചയായി നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതായി പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അലംഭാവം കാണിച്ചാല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണം പാലിച്ച് വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.