ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യം പരിഗണിക്കണമെന്ന് സിപിഐഎം

single-img
18 June 2021

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുന്നത് വൈകില്ല. വിശ്വാസികളുടെ ആവശ്യം പരിഗണിക്കണമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.

വിശ്വാസികളുടെ ആവശ്യം പരിഗണിച്ച് രോഗവ്യാപനതോത് കുറവുള്ള സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാം എന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിച്ച നിലപാട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരിന്റേതാണ്. തത്ക്കാലം ആരാധനാലയങ്ങള്‍ തുറക്കേണ്ടതില്ല എന്നായിരുന്നു ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നത്.

ആരാധനാലയങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്നത് രോഗവ്യാപനത്തിന് കാരണമാകും. കൊവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമാകുന്നതിന് അനുസരിച്ച് ഇളവുകള്‍ നല്‍കും. ഏതെങ്കിലും സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യം വച്ചല്ല നിയന്ത്രണങ്ങളെന്നുമാണ് മന്ത്രി വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ ദിവസം ക്ഷേത്രങ്ങള്‍ തുറക്കാത്തതിന് എതിരെ എന്‍എസ്എസ് രംഗത്തെത്തിയിരുന്നു. ബിവറേജ് തുറന്നിട്ടും ക്ഷേത്രങ്ങള്‍ തുറക്കാത്തതില്‍ ആയിരുന്നു ആക്ഷേപം. പള്ളികള്‍ തുറക്കാത്തതിന് എതിരെ മുസ്ലിം സംഘടനകളും പ്രതികരിച്ചിരുന്നു.