മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്കെന്ന് സൂചനകള്‍; രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

single-img
18 June 2021

രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയാക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതല നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് സൂചനകള്‍. അതിനിടെ രാഹുല്‍ ഗാന്ധിയുമായി ചെന്നിത്തല നടത്തുന്ന കൂടിക്കാഴ്ച പൂര്‍ത്തിയായി. അരമണിക്കൂര്‍ നീണ്ടുനിന്ന രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണതൃപ്തനെന്ന് ചെന്നിത്തല അറിയിച്ചു. തോല്‍വിയുടെ കാരണങ്ങള്‍ രാഹുലുമായി സംസാരിച്ചെന്നും അദ്ദേഹം ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ചര്‍ച്ചയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം തയ്യാറായില്ല.

കെ. സുധാകരന്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെയാണ് ചെന്നിത്തലയെ രാഹുല്‍ ഗാന്ധി ദല്‍ഹിയിലേക്ക് വിളിപ്പിച്ചത്. കേരളത്തിലെ നേതൃമാറ്റത്തിന് ശേഷം ആദ്യമായാണ് സംസ്ഥാനത്തുനിന്നുള്ള നേതാവിനെ ഹൈക്കമാന്റ് ദല്‍ഹിക്ക് വിളിപ്പിക്കുന്നത്.
ഹൈക്കമാന്റിന്റെ തീരുമാനങ്ങളില്‍ ചെന്നിത്തല അതൃപ്തനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന നേതൃത്വത്തെവെട്ടി പ്രതിപക്ഷ നേതാവിനെ ഹൈക്കമാന്റ് ഏകപക്ഷീയമായി തീരുമാനിച്ച രീതിയിലുള്ള പരാതി നേരത്തെ രമേശ് ചെന്നിത്തലക്കുണ്ടായിരുന്നു.