കേരളത്തില്‍ ഇതുവരെ സ്ഥിരീകരിച്ചത് 73 ബ്ലാക്ക് ഫംഗസ് കേസുകള്‍ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

single-img
18 June 2021
pinarayi vijayan kerala covid management

കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 73 ബ്ലാക്ക് ഫംഗസ് കേസുകള്‍. ഇതില്‍ അന്‍പത് പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. എട്ട് പേര്‍ രോഗമുക്തരായി. ബ്ലാക്ക് ഫംഗസ് ബാധിച്ച് പതിനഞ്ച് പേര്‍ മരണപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. കൊവിഡ് മൂന്നാം തരംഗത്തില്‍ കൂടുതല്‍ വ്യാപനശേഷിയുള്ള വൈറസ് സാധ്യത തള്ളിക്കളയാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൂടുതല്‍ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിനെയാണ് അഭിമുഖീകരിക്കുന്നത്. വാക്സിനേഷന്‍ എടുത്തവരിലും വൈറസ് കടക്കാമെന്നും അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതു സ്ഥലത്തും വീടുകളിലും കരുതല്‍ വേണം. ആള്‍ക്കൂട്ടം ഒഴിവാക്കണം. ഡെല്‍റ്റ വൈറസിനൊപ്പം മൂന്നാം തരംഗം കൂടി വന്നാല്‍ പ്രതിസന്ധി വര്‍ധിക്കും. അലംഭാവം കൂടുതല്‍ വ്യാപനത്തിന് സാധ്യത ഒരുക്കും. ജാഗ്രത കാട്ടിയില്ലെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകും. കൊവിഡ് മൂന്നാം തരംഗത്തെക്കുറിച്ച് പല അഭിപ്രായങ്ങള്‍ ഉണ്ടെന്നും മൂന്നാം തരംഗം സസൂക്ഷ്മം നിരീക്ഷിച്ച് ഏറ്റവും വേഗം സാഹചര്യം നേരിടാന്‍ കരുതലെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.