നേരിട്ടെത്തി വാക്‌സിനെടുക്കാമെന്ന കേന്ദ്രനിര്‍ദേശം രോഗവ്യാപനത്തിന് വഴിതുറക്കുമെന്ന് ആരോഗ്യ വിദഗ്ദര്‍

single-img
17 June 2021

വാക്‌സിനേഷന്‍ ലഭിക്കാന്‍ കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്യാത്ത പുതിയ നിര്‍ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയ നിര്‍ദേശത്തിലെ പ്രായോഗികത പരിശോധിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍. നേരിട്ടെത്തി വാക്‌സിനെടുക്കാമെന്നറിഞ്ഞാല്‍ ആളുകള്‍ കൂട്ടത്തോടെ കേന്ദ്രങ്ങളിലെത്തി തിക്കിനും തിരക്കിനും കാരണമാകും. ഇത് രോഗവ്യാപനത്തിനും ഇടയാകും. അതേസമയം ഇതുസംബന്ധിച്ച കേന്ദ്ര നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇത്തരത്തില്‍ വാക്‌സിനേഷന്‍ നടത്തിയപ്പോള്‍ വന്‍തിരക്കുണ്ടായി. അത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഔദ്യോഗിക അറിയിപ്പ് ലഭിച്ചാല്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.സാധാരണക്കാര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം കൂടാതെ വാക്‌സിന്‍ ലഭിക്കുന്നത് നല്ലതാണ്. എന്നാല്‍ ആള്‍ക്കൂട്ടം, മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ പരിഹരിക്കാന്‍ പൊലീസ് സഹായംകൂടി വേണ്ടിവരും. ഇവ കൈകാര്യം ചെയ്യാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞെന്നുവരില്ലെന്നും കേരള ഗവ. നേഴ്സസ് അസോസിയേഷന്‍ ഭാരവാഹികള്‍ പ്രതികരിച്ചു.

അതേസമയം പ്രതിദിന വാക്‌സിനേഷന്‍ രണ്ടര ലക്ഷമാക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സാധിക്കാത്തവര്‍ക്ക് സംസ്ഥാനത്ത് പ്രത്യേക വാക്‌സിന്‍ ഡ്രൈവ് നടത്തുമെന്ന് മന്ത്രി വീണ ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. വാക്ക് ഇന്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷനില്ലാതെ വാക്‌സിനെടുക്കാന്‍ വിതരണ കേന്ദ്രങ്ങളിലെത്താമെന്നായിരുന്നു ആരോഗ്യമന്ത്രാലയം അറിയിച്ചത്. രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യ വാക്‌സിനേഷന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം. ‘വാക്ക് ഇന്‍’ എന്ന പേരില്‍ ഇത് നടപ്പാക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.