ശിവസേനാ ഭവന് നേരെ ആരെങ്കിലും കൈയൂക്ക് കാണിക്കാന്‍ നിന്നാല്‍ തക്കതായ ഉത്തരം നല്‍കും; ബിജെപിക്ക് മുന്നറിയിപ്പുമായി സഞ്ജയ് റാവത്ത്

single-img
17 June 2021

മഹാരാഷ്ട്രയിലെ മുംബയിൽ ശിവസേന ഭവന് മുമ്പിലായി ബിജെപി, ശിവസേനാ പ്രവർത്തകർ ഏറ്റുമുട്ടിയതിനു പിന്നാലെ ബിജെപിക്ക് മുന്നറിയിപ്പുമായി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് ‘മറാത്തയുടെ ആത്മാഭിമാനത്തിന്റെയും ഹിന്ദുത്വത്തിന്റെയും കാര്യം വരുമ്പോൾ തങ്ങൾ സർട്ടിഫൈഡ് ഗുണ്ടകളാണെന്നും ശിവസേനയുടെ ഓഫീസ് മഹാരാഷ്ട്രയുടെയും അവിടത്തെ ജനങ്ങളുടെയും അടയാളമാണെന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു.

യുപിയിലെ അയോധ്യയില്‍ രാമക്ഷേത്ര ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ശിവസേന മുഖപത്രമായ സാമ്‌ന ബിജെപിയെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് കഴിഞ്ഞദിവസം സേനാഭവന് മുന്നിലേക്ക് ബിജെപിയുടെ യുവജന സംഘടനയായ യുവമോര്‍ച്ചയുടെ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാർച്ചാണ് സംഘർഷത്തിലേക്കെത്തിയത്.

ഈ സംഘര്‍ഷത്തില്‍ ഒരു വനിതാ പാർട്ടി അംഗത്വത്തിനെതിരെയുണ്ടായ ആക്രമണത്തെ ചൂണ്ടിക്കാട്ടി ശിവസേന പ്രവർത്തകരെ ഗുണ്ടകളെന്ന് ബിജെപി നേതാക്കൾ വിളിച്ചത് വിവാദമായിരുന്നു. തങ്ങളുടെ പാർട്ടി ഓഫീസ് തകർക്കുക എന്ന ലക്ഷ്യവുമായി ബിജെപി പ്രവർത്തകർ വരുന്നതായി തനിക്ക് വിവരം ലഭിച്ചിരുന്നതായും അവരുടെ വരവും കാത്ത് തങ്ങൾ ഇരിക്കുകയായിരുന്നുവെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

‘ശിവസേനാ ഭവന് നേര്‍ക്ക് ആരെങ്കിലും കൈയൂക്ക് കാണിക്കാന്‍ നിന്നാല്‍ ഞങ്ങള്‍ തക്കതായ ഉത്തരം നല്‍കും. അതിനെ ഗുണ്ടകള്‍ എന്ന് വിളിച്ചാല്‍ അതങ്ങിനെ തന്നെയാണ്സാമ്‌ന എഡിറ്റോറിയല്‍ എന്താണ് പറഞ്ഞത്? അയോധ്യയിലെ ആരോപണങ്ങളെക്കുറിച്ച് വ്യക്തത തേടി. ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ അത്തരക്കാരെ ശിക്ഷിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

ഈ എഡിറ്റോറിയലില്‍ ഒരിടത്തും തട്ടിപ്പില്‍ ബിജെപിക്ക് പങ്കുണ്ടെന്ന് പരാമര്‍ശിക്കുന്നില്ല. നിങ്ങളില്‍ ആര്‍ക്കും വായിക്കാനും എഴുതാനും കഴിയുന്നില്ലേ? ആരോപണങ്ങള്‍ എന്താണെന്നും ശിവസേന വക്താക്കള്‍ എന്താണ് പറഞ്ഞതെന്നും ആദ്യം മനസിലാക്കുക.’-സഞ്ജയ് റാവത്ത് പറഞ്ഞു.