നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം; പ്രതീക്ഷിച്ചിരുന്നില്ലെന്ന് രമേശ് ചെന്നിത്തല, അരിയ്ക്ക് മുന്നില്‍ അഴിമതി ജനം മറന്നു

single-img
17 June 2021

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇത്രയും വലിയ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും അരിക്ക് മുന്നില്‍ അഴിമതി നിന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ദുരിതങ്ങളില്‍ നട്ടംതിരിയുന്ന ജനത്തിനു മുമ്പില്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ കാരുണ്യമായി മാറി. ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ ഞങ്ങള്‍ ഉന്നയിച്ചു. അവ സ്ഥാപിക്കുകയും സര്‍ക്കാര്‍ പലതില്‍നിന്നും പിന്‍വാങ്ങുകയും ചെയ്തു. എന്നാല്‍, അരിക്ക് മുമ്പില്‍ അഴിമതി നിന്നില്ല. രണ്ടു മാസത്തെ പെന്‍ഷനും മറ്റും ഒരുമിച്ച് കിട്ടിയപ്പോള്‍ ജനങ്ങള്‍ മറ്റുകാര്യങ്ങള്‍ ഓര്‍ത്തില്ല. പ്രതിപക്ഷത്തിന് ഒരു ലെവല്‍ പ്ലേയിങ് ഗ്രൗണ്ട് ഇല്ലാതെപോയി. സംഘടനാപരമായ പ്രശ്നങ്ങളുമുണ്ടായിരുന്നു, രമേശ് ചെന്നിത്തല പറഞ്ഞു.

സി.എ.എ.യുടെ പ്രക്ഷോഭത്തിന്റെ കാലംമുതല്‍ അത്തരമൊരു ദിശാമാറ്റം ഉണ്ടായിരുന്നു. ഇടതുപക്ഷത്തിന് അവരുടെയിടയില്‍ കൂടുതല്‍ സ്വീകാര്യത കിട്ടി. എന്നാല്‍, ഇടതുപക്ഷം ചെയ്തത് ബി.ജെ.പി. ഭയം ജനിപ്പിച്ച് ന്യൂനപക്ഷ വോട്ട് വാങ്ങി. മറുഭാഗത്ത് ബി.ജെ.പി.യുമായി രഹസ്യബന്ധമുണ്ടാക്കി. 69 മണ്ഡലങ്ങളില്‍ സി.പി.എം. ബി.ജെ.പി. രഹസ്യധാരണയുണ്ടായിരുന്നു.
എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.