ഉക്രെയിനോട് പൊരുതി തോറ്റ് (2–1) മാസിഡോണിയ പുറത്തായി

single-img
17 June 2021

യൂറോകപ്പില്‍ വളരെ കരുത്തരായ ഹോളണ്ടിനോട് ആദ്യ കളിയിൽ കീഴടങ്ങിയ (3–2) ഉക്രെയിന് ഇന്ന് ആദ്യ ജയം. ആന്ദ്രേ യാർമൊലെങ്കോ (29’),റോമൻ യാരേംചുക് (34’) എന്നിവര്‍ നേടിയ ഗോള്‍ മികവിൽ നോർത്ത് മാസിഡോണിയയെ 2–1നായിരുന്നു ഉക്രൈന്‍ കീഴടക്കിയത്. അതേസമയം, എതിര്‍ ടീമിനായി എസ്യാൻ അലിയോസ്കി ഒരു ഗോൾ മടക്കി (57’).

ആദ്യ മത്സരത്തില്‍ ഹോളണ്ടിനെതിരെ പുറത്തെടുത്ത മികച്ച ഫോം തുടർന്ന ഉക്രെയ്നായിരുന്നു ഇന്നും ആദ്യ പകുതിയിൽ വ്യക്തമായ മേൽക്കൈ. തുടര്‍ച്ചയായി 5 മിനിറ്റിനിടെ രണ്ടു ഗോൾ വഴങ്ങേണ്ടി വന്നതോടെ പ്രതിരോധത്തിലായ നോർത്ത് മാസിഡോണിയ പക്ഷേ രണ്ടാം പകുതിയിൽ ഉജ്വല തിരിച്ചുവരവായിരുന്നു നടത്തിയത്.

മാസിഡോണിയയുടെ സ്റ്റാര്‍ സ്ട്രൈക്കർ ഗൊരാൻ പാൻഡേവിനെ ഉക്രയ്ൻ താരം കാരവയേവ് ബോക്സിനുള്ളിൽ വീഴ്ത്തിയതിന് പകരമായി ലഭിച്ച പെനൽറ്റിയിൽനിന്നായിരുന്നു അവരുടെ ഗോൾ. അലിയോസ്കി ചെയ്ത കിക്ക് ഉക്രെയ്ൻ ഗോളി ഹിയോർഹി ബസ്ചാൻ രക്ഷപ്പെടുത്തിയെങ്കിലും താരം റീബൗണ്ടിൽ ലക്ഷ്യം കാണുകയായിരുന്നു.

എന്നാല്‍ കളിയുടെ രണ്ടാം പകുതിയിൽ ഉക്രെയിന് ലഭിച്ച മികച്ച ഒരു പെനൽറ്റി റസ്‌ലാൻ മാലിനോവ്സ്കി പാഴാക്കി. എന്തായാലും ടൂര്‍ണമെന്റില്‍ ആദ്യ കളിയിൽ ഓസ്ട്രിയയ്ക്ക് എതിരെയും തോൽവി (3–1) വഴങ്ങിയ മാസിഡോണിയയുടെ നോക്കൗട്ട് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്.