എല്ലാ വീടുകളിലും പൈപ്പുവെള്ളം: കേന്ദ്രം കേരളത്തിന് അനുവദിച്ചത് 1804 കോടി

single-img
17 June 2021

രാജ്യത്തെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന ജല്‍ജീവന്‍ മിഷന്‍ പദ്ധതി ഊര്‍ജിതമാക്കാന്‍ കേരളത്തിന് ഇക്കൊല്ലം 1804 കോടിരൂപ കേന്ദ്രം അനുവദിച്ചു. 2021-22 വര്‍ഷത്തേക്കാണ് ഈ തുക. കഴിഞ്ഞ സാമ്പത്തികവര്‍ഷം അനുവദിച്ചത് 404.24 കോടിയായിരുന്നു.
2024 ഓടെ എല്ലാ വീടുകളിലും പൈപ്പുവെള്ളം എത്തിക്കാനുള്ള പദ്ധതി സംസ്ഥാനത്ത് ഇഴഞ്ഞുനീങ്ങുകയാണ്. ജല്‍ജീവന്‍ മിഷന്‍ പദ്ധതി ഓരോ മാസത്തിലും വിലയിരുത്തണമെന്ന് ജലവിഭവമന്ത്രി ഗജേന്ദ്രസിങ് ഷെക്കാവത്ത് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ അഭ്യര്‍ഥിച്ചു.

എല്ലാവര്‍ക്കും പൈപ്പുവെള്ളം പദ്ധതി നടപ്പാക്കുന്നതില്‍ കേരളം വളരെ പുറകിലാണ്. ഈയിടെ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസ്ഥാനത്തിന്റെ മെല്ലെപ്പോക്ക് കേന്ദ്ര ജലവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. 2019 ഓഗസ്റ്റ് 15-ന് പദ്ധതി തുടങ്ങുമ്പോള്‍ സംസ്ഥാനത്തെ 67.14 ലക്ഷം വീടുകളില്‍ 16.64 ലക്ഷത്തിലേ പൈപ്പുവെള്ളം എത്തിയിരുന്നുള്ളൂ.22 മാസങ്ങള്‍ക്കിടയില്‍ 6.36 ലക്ഷം വീടുകളില്‍കൂടി വെള്ളമെത്തിക്കാനായി. എങ്കിലും ഈ സംഖ്യ ദേശീയശരാശരിയെക്കാള്‍ കുറവാണ്. ദേശീയതലത്തില്‍ ഇക്കാലത്തെ വര്‍ധന 22 ശതമാനമാണെങ്കില്‍ കേരളത്തില്‍ പത്തുശതമാനമാണ്.