കോവാക്സിനിൽ പശുക്കുട്ടിയുടെ രക്തരസമെന്ന് റിപ്പോർട്ട്: വിശദീകരണവുമായി കേന്ദ്രസർക്കാർ

single-img
17 June 2021
Calf Serum' Used But Not Present In Covaxin

ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിനായ കോവാക്സിനിൽ (Covaxin) കന്നുകുട്ടിയുടെ രക്തരസം(Calf Serum) അടങ്ങിയിട്ടുണ്ടെന്ന വാർത്തകളോട് പ്രതികരിച്ച് കേന്ദ്രസർക്കാർ. നിർമ്മാണ ഘട്ടത്തിൽ മാത്രമാണ് നവജാത പശുക്കുട്ടിയുടെ രക്തരസം ഉപയോഗിക്കുന്നതെന്നും എന്നാൽ അന്തിമ ഉൽപ്പന്നമായ വാക്സിനിൽ ഇവ അടങ്ങിയിട്ടില്ലെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ വിശദീകരണം.

കോവാക്‌സിനില്‍ പശുക്കുട്ടിയുടെ സെറം അടങ്ങിയിട്ടുണ്ട് എന്ന് വിവരാവകാശ രേഖയില്‍ പറയുന്നതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നത്.

വാക്സിൻ നിർമാണത്തിനായി വൈറസുകളെ കൾച്ചർ ചെയ്യുന്നതിനായി ഉപയോഗിക്കുന്ന വെറോ സെല്ലുകളുടെ വളർച്ചയ്ക്കാണ് നവജാത കന്നുകുട്ടികളുടെ സെറം അഥവാ രക്തരസം ഉപയോഗിക്കുന്നത്. ഇത് ഇത്തരം പ്രക്രിയകളിൽ ലോകം മുഴുവൻ പിന്തുടരുന്ന രീതിയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ വിശദീകരണത്തിൽ പറയുന്നു.

പോളിയോ, റാബീസ്, ഇന്‍ഫ്ലുവന്‍സ വാക്‌സിനുകളിലൊക്കെ പതിറ്റാണ്ടുകളായി ഈ വിദ്യ ഉപയോഗിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോൺഗ്രസ് വക്താവ് ഇക്കാര്യം ഉന്നയിച്ച് സർക്കാരിനെതിരെ രംഗത്തു വന്നതോടെയാണ് ആരോഗ്യമന്ത്രാലയം വിശദീകരണം നൽകിയത്.

വെറോ സെല്ലുകളില്‍ കൊറോണ വൈറസിനെ ഉപയോഗിച്ച്  അണുബാധയേല്‍പ്പിക്കുന്നതാണ് വാക്‌സിന്‍ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം. വൈറസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രക്രിയ. ഇതുവഴി വെറോ സെല്ലുകള്‍ പൂര്‍ണമായി നശിക്കുന്നു. ഇത്തരം പ്രക്രിയയിലൂടെ വികസിപ്പിച്ചെടുക്കുന്ന വൈറസുകളെ പൂര്‍ണമായി കൊല്ലുന്നതാണ് അടുത്ത പടി. ഇവയെയാണ് വാക്‌സിന്‍ നിര്‍മ്മാണത്തിന് പ്രധാനമായി ഉപയോഗിക്കുന്നത്.

എന്നാൽ വൈറസുകളുടെ വളർച്ചയ്ക്ക് പശുക്കുട്ടികളുടെ സെറം ഉപയോഗിക്കുന്നില്ലെന്നും നിർവ്വീര്യമാക്കപ്പെട്ട വൈറസ് സെല്ലുകൾ മാത്രമാണ് വാക്സിനിൽ ഉണ്ടാകുകയെന്നും കേന്ദ്രസർക്കാർ വിശദീകരിക്കുന്നു.

“കോവാക്സിൻ വാക്സിൻ ഘടനയെക്കുറിച്ച് ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ വന്നിട്ടുണ്ട്, അവിടെ കോവാക്സിൻ വാക്സിനിൽ കന്നുകുട്ടിയുടെ സെറം അടങ്ങിയിട്ടുണ്ട്.ഈ പോസ്റ്റുകളിൽ‌ വസ്തുതകൾ‌ വളച്ചൊടിക്കുകയും തെറ്റായി ചിത്രീകരിക്കുകയും ചെയ്‌തു, ” ആരോഗ്യമന്ത്രാലയം വ്യക്തമാക്കി

കോൺഗ്രസ് വക്താവ് ഗൌരവ് പാന്ധിയുടെ ട്വീറ്റ് വിവാദമായതോടെയാണ് ആരോഗ്യമന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. “വിവരാവകാശ പ്രതികരണത്തിൽ, കോവാക്സിൻ നവജാത കന്നുകുട്ടിയുടെ സെറം ഉൾക്കൊള്ളുന്നുവെന്ന് മോദി സർക്കാർ സമ്മതിച്ചിട്ടുണ്ട്…. 20 ദിവസത്തിൽ താഴെ പ്രായമുള്ള പശുക്കിടാക്കളെ അറുത്തതിനുശേഷം ലഭിച്ച കട്ടപിടിച്ച രക്തത്തിന്റെ ഒരു ഭാഗമാണിത്. ഇത് ഭയങ്കരമാണ്! ഈ വിവരം മുമ്പ് പരസ്യമാക്കേണ്ടതായിരുന്നു, ”- ഗൌരവ് പാന്ധിയുടെ ട്വീറ്റ്.

Content Highlights: Calf Serum, Covaxin, Central Government, Gaurav Pandhi, Cow Vigilante