സംസ്ഥാനത്ത് കെപിസിസിയുടെ അധ്യക്ഷനായി കെ.സുധാകരന്‍ ചുമതലയേറ്റു

single-img
16 June 2021
k sudhakaran kpcc president

കേരളത്തില്‍ കെപിസിസിയുടെ അധ്യക്ഷനായി കെ.സുധാകരന്‍ ചുമതലയേറ്റു. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ പങ്കെടുത്തു. മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരും സുധാകരനൊപ്പം ചുമതല ഏറ്റെടുത്തു. ഉച്ചയ്ക്ക് ശേഷം സുധാകരന്റെ അധ്യക്ഷതയില്‍ നേതൃയോഗം ചേരും. സംസ്ഥാനത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, ഹൈക്കമാന്റ് തീരുമാനങ്ങളില്‍ അതൃപ്തരായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

ഹൈക്കമാന്റ് പ്രഖ്യാപനം വന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് കെ സുധാകരന്‍ ചുമതല ഏറ്റെടുത്തത്. രാവിലെ ഗാന്ധി പ്രതിമയിലും പാളയം രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സുധാകരന്‍ കെപിസിസി ആസ്ഥാനത്ത് എത്തിയത്. തുടര്‍ന്ന് സേവാദള്‍ വോളന്റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ഉച്ചയ്ക്ക് ശേഷം ചേരുന്ന നേതൃയോഗത്തില്‍ കെപിസിസി, ഡിസിസി പുനഃസംഘടനയുള്‍പ്പെടെയുളള കാര്യങ്ങളില്‍ പ്രാഥമിക ചര്‍ച്ചയുണ്ടാകും. മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകാനാകുമെന്ന പ്രതീക്ഷയിലാണ് കെ സുധാകരന്‍.

ഇടഞ്ഞ് നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡും ഇടപെടലുകള്‍ നടത്തും. സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനായി സംസ്ഥാനത്ത് എത്തിയ എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ അതൃപ്തരായ നേതാക്കളുമായി ആശയവിനിമയം നടത്തിയേക്കും. പുനഃസംഘടനയില്‍ ഹൈകമാന്‍ഡ് നിലപാട് താരിഖ് അന്‍വര്‍ നേതാക്കളോട് വിശദീകരിക്കും.