സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള ഭീഷണി ഗൗരവമായി കാണണം: മുഖ്യമന്ത്രി

single-img
15 June 2021

സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയ്‌ക്കെതിരായ ഭീഷണി ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി വിജയൻ അധിക കാലം വീട്ടിൽ കിടന്ന് ഉറങ്ങില്ലെന്ന ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണന്റെ ഭീഷണിക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. രാധാകൃഷ്ണന്റെ ആളുകൾ ജയിലിൽ കിടക്കലല്ല, അതിനപ്പുറവുമുള്ള ഭീഷണി ഉയർത്തിയിട്ടുണ്ട്, അന്നെല്ലാം ഞാൻ വീട്ടിൽ കിടന്നുറങ്ങുന്നുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

ഈ രീതിയിലുള്ള ഭീഷണികൾ കടന്നുവന്നയാളാണെന്നും അത് ഓർക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇപ്പോൾ ഇവിടെ ഒരു കേസന്വേഷണം നടക്കുന്നു, അത് തെറ്റായ രീതിയിൽ ഞാൻ ഇടപെട്ട് അന്വേഷണം അവസാനിപ്പിക്കണം എന്നാണ് അദ്ദേഹം ആ പറഞ്ഞതിന്റെ അർത്ഥം.

പ്രസ്തുത കേസിൽ ഏതെങ്കിലും തരത്തിൽ അമിത താല്പര്യത്തോടെയോ തെറ്റായോ ഗവൺമെന്റ് ഇടപെട്ടു എന്ന് ആരോപണം ഉയർന്നിട്ടില്ല. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എന്ന നിലയ്ക്ക് അതുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങൾ സംഭവിച്ചു എന്നതും ആക്ഷേപമായി ഉയർന്നിട്ടില്ല. ശരിയായ രീതിയിൽ നടക്കുന്ന അന്വേഷണം സർക്കാർ ഇടപെട്ട് അവസാനിപ്പിക്കണം, അല്ലെങ്കിൽ തനിക്ക് വരാൻ പോകുന്നത് ഇതാണ് എന്നാണ്. ഇതാണ് ഭീഷണിയെന്നും മുഖ്യമന്ത്രി പറഞ്ഞു.