കോന്നിയില്‍ ജലാറ്റിൻ സ്റ്റിക്കുകൾ ഉൾപ്പെടെ വന്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി

single-img
15 June 2021

പത്തനംതിട്ട ജില്ലയില്‍ കോന്നിയ്ക്ക് സമീപം വയക്കരയില്‍ 96 ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഉള്‍പ്പടെ വന്‍ സ്‌ഫോടക ശേഖരം കണ്ടെത്തി. കഴിഞ്ഞ ദിവസം സ്‌ഫോടകവസ്തുക്കള്‍ കണ്ട പത്തനാപുരം പാടത്തിന് സമീപത്തെ പ്രദേശമാണ് വയക്കര. ഒന്നര മാസത്തെ പഴക്കം ഇതിനുണ്ടെന്നാണ് പോലീസ് പറയുന്നത് .

വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. ഇവ ക്വാറിയിൽ നിന്ന് ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഭീകരബന്ധം ഇതിനുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം കൊല്ലം പത്തനാപുരത്ത് വനം വികസന കോര്‍പറേഷന് കീഴിലുള്ള കശുമാവിന്‍ തോട്ടത്തില്‍ നിന്ന് ഡിറ്റനേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളും ഉള്‍പ്പെടെ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം ഇപ്പോഴും നടക്കുകയാണ്.സംസ്ഥാനത്തെ തീവ്രവാദ വിരുദ്ധ വിഭാഗത്തിനാണ് കേസ് അന്വേഷണ ചുമതല.സംഭവത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വിശദാംശങ്ങള്‍ തേടുകയും ചെയ്തിട്ടുണ്ട്.

ചില തീവ്രനിലപാടുകളുള്ള ചില സംഘടനകള്‍ പ്രദേശത്ത് പരിശീലനം നടത്തിയെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. സമാനമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തമിഴ്നാട് ക്യൂ ബ്രാഞ്ച് രണ്ട് മാസം മുമ്പ് പ്രദേശത്ത് അന്വേഷണം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.