വനംകൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: വിഡി സതീശന്‍

single-img
15 June 2021

സംസ്ഥാനത്തെ വിവാദമായ മരംമുറി ഉത്തരവ് സദുദ്ദേശത്തോടെയായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഗൂഡസംഘത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ എട്ട് ജില്ലകളിലായി കേരളം കണ്ട ഏറ്റവും വലിയ വനം കൊള്ളയാണ് നടന്നിരിക്കുന്നത്.

ഈ വ്യാപകമായ വനം കൊള്ളയെകുറിച്ച് ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.മുന്‍ മന്ത്രിസഭയിലെ രണ്ട് വകുപ്പുകളും രണ്ടു വകുപ്പുമന്ത്രിമാരും യോഗം ചേര്‍ന്നെടുത്ത തീരുമാനത്തിന്റെ ഭാഗമായുണ്ടായ ഉത്തരവ് മുഖ്യമന്ത്രി കണ്ടിട്ടുണ്ടോ? നിയമവകുപ്പ് പരിശോധിച്ചിട്ടുണ്ടോ? മന്ത്രിസഭയുടെയോ എല്‍ ഡി എഫിന്റെയോ അനുമതിയുണ്ടായിട്ടുണ്ടോ? സി.പി.എം, സി.പി.ഐ പാര്‍ട്ടി നേതൃത്വം അറിഞ്ഞിട്ടുണ്ടോ എന്നെല്ലാം വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഇത്രയും വലിയ വനം കൊള്ള നടന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് വനം വകുപ്പും റവന്യുവകുപ്പും ഒഴിഞ്ഞുമാറുകയാണ്. പട്ടയം നല്‍കുമ്പോള്‍ ആ ഭൂമിയിലെ മരങ്ങള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. അതിന്റെ കസ്റ്റോഡിയന്‍ റവന്യു വകുപ്പാണ്. വില്ലേജ് ഓഫീസില്‍ മരത്തിന്റെ രജിസ്റ്റര്‍ സൂക്ഷിക്കണം. മരം മുറിച്ചാല്‍ പരാതി കൊടുക്കേണ്ടത് തഹസീല്‍ദാരോ, വില്ലേജ് ഓഫീസറോ ആണ്. അവര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. ഇത് മനപൂര്‍വ്വമായി കേസ് ദുര്‍ബലപ്പെടുത്താനാണ്.

വയനാട്ടില്‍ മാത്രമാണ് കളക്ടര്‍ ഇപ്പോള്‍ പരാതി നല്‍കിയത്. ഇതിന് മുമ്പ് മൂന്ന് തവണ ഇക്കാര്യത്തില്‍ മരത്തിന്റെയും ഭൂമിയുടെയും നിജസ്ഥിതി മേപ്പാടി റേഞ്ച് ഓഫീസര്‍, ഡി.എഫ്.ഒയും റവന്യു അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ മറുപടി പോലും നല്‍കിയില്ല. മറ്റ് ജില്ലകളില്‍ റവന്യു-വനം വകുപ്പ് ഉദ്യോഗസ്ഥരും ഇടത് രാഷ്ട്രീയ നേതാക്കളും ഒത്തുചേര്‍ന്ന് മരം വെട്ടിയെന്നും അദ്ദേഹം പറഞ്ഞു.