ഫ്രാന്‍സ്- ജര്‍മ്മനി, പോര്‍ച്ചുഗല്‍ – ഹംഗറി; യൂറോ കപ്പില്‍ ഇന്ന് ആവേശ ദിനം

single-img
15 June 2021

മ്യൂണിച്ചില്‍ നടക്കുന്ന യൂറോ കപ്പില്‍ ഇന്ന് രാത്രി 9.30ന് നടക്കുന്ന മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഹംഗറിയെ നേരിടുമ്പോള്‍ രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ ഫ്രാന്‍സും ജര്‍മനിയും ഏറ്റുമുട്ടും. എല്ലാം വലിയ ടീമുകള്‍ ആയതിനാല്‍ത്തന്നെ സൂപ്പര്‍ പോരാട്ടം തന്നെയാണ് ആരാധകര്‍ ഇന്ന് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയില്‍ സോണി ചാനലുകളില്‍ മത്സരം തത്സമയം കാണാനാകും. ഇപ്പോഴത്തെ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ ജയത്തോടെ തുടങ്ങാനുറച്ചാവും ഹംഗറിക്കെതിരേ ഇറങ്ങുക. അതേസമയം ലയണല്‍ മെസ്സി കഴിഞ്ഞ ദിവസം തകര്‍പ്പന്‍ ഫ്രീ കിക്ക് ഗോള്‍ നേടി കോപ്പാ അമേരിക്കയില്‍ വരവറിയിച്ചതിനാല്‍ യൂറോയില്‍ തിളങ്ങേണ്ടത് റൊണാള്‍ഡോയേ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്.

ആന്‍ഡ്രേ സില്‍വ, ബെര്‍ണാര്‍ഡോ സില്‍വ, ഡീഗോ ജോറ്റ, ജോ ഫെലിക്‌സ്, ബ്രൂണോ ഫെര്‍ണാണ്ടസ്, പെപ്പെ തുടങ്ങിയവരെല്ലാം പോര്‍ച്ചുഗല്‍ നിരയിലുണ്ട്. എന്നാല്‍ ഹംഗറിയെ അനായാസം കീഴടക്കുക പ്രയാസമാവും. അവസാനം കളിച്ച 11 മത്സരത്തിലും അവര്‍ തോല്‍വി അറിഞ്ഞിട്ടില്ല. ഏഴ് ജയവും നാല് സമനിലയുമാണ് ടീമിന്റെ പേരിലുള്ളത്.

അതേസമയം, നിലവിലെ ലോകചാമ്പ്യന്‍ന്മാരായ ഫ്രാന്‍സും മുന്‍ ചാമ്പ്യന്മാരായ ജര്‍മനിയും നേര്‍ക്കുനേര്‍ എത്തുകയാണ്. എംബാപ്പെ, ഗ്രിസ്മാന്‍, ബെന്‍സേമ, പോള്‍ പോഗ്ബ, ഒലിവര്‍ ജിറൗഡ്, ഡെംബല്ലെ, എന്‍ഗോളോ കാന്റെ, റാഫേല്‍ വരാനെ, ബെഞ്ചമിന്‍ പവാര്‍ഡ് തുടങ്ങിയ വലിയ താരനിരയാണ് ഫ്രാന്‍സിന്റെ ശക്തി.