ബിജെപി ശ്രമങ്ങൾക്ക് തിരിച്ചടി; ബംഗാളില്‍ തൃണമൂലിലേക്കുളള നേതാക്കളുടെ തിരിച്ചു പോക്ക് തടയാനാവുന്നില്ല

single-img
15 June 2021

നിയമസഭാ തെരഞ്ഞെടുപ്പിലെ തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കിയ തൃണമൂൽ കോൺ​ഗ്രസിലേക്ക് ബം​ഗാളിൽ ബി ജെ പിയിൽ നിന്നും നേതാക്കളുടെ തിരിച്ചു പോക്ക് തടയാനുളള പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ശ്രമങ്ങൾക്ക് തിരിച്ചടി നേരിടുന്നു.

നേരത്തെ ടിഎംസി വിടുകയും ബിജെപിയില്‍ ചേക്കേറുകയും ചെയ്ത സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ഇന്ന് ​ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിന്നും ബിജെപിയുടെ ഒരു വിഭാ​ഗം എം എൽ എമാർ വിട്ടു നിന്നു. സംസ്ഥാനത്ത് നടക്കുന്ന ചില അനുചിതമായ സംഭവങ്ങൾ ​ഗവർണറെ അറിയിക്കുന്നതിനും മറ്റ് പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും വേണ്ടിയായിരുന്നു കൂടിക്കാഴ്ച എന്നാണ് ബിജെപി അറിയിച്ചിരുന്നത്.

ഇന്ന് നടന്ന കൂടിക്കാഴ്ചയില്‍ നിന്നും ബി ജെ പിയുടെ സംസ്ഥാനത്തെ 74 എം എൽ എമാരിൽ 24 പേരാണ് പൂര്‍ണ്ണമായും വിട്ടു നിന്നത്. ഇന്നത്തെ ഈ നീക്കത്തോടെ കൂടുതൽ നേതാക്കൾ താമസിയാതെ തന്നെ ബി ജെ പി വിട്ട് തൃണമൂലിലേക്ക് മടങ്ങുമെന്ന അഭ്യൂഹം ശക്തിപ്പെടുകയാണ്.സംസ്ഥാനത്ത് മുപ്പതിലേറെ നേതാക്കൾ പാർട്ടിയിലേക്ക് തിരിച്ചുവരുവാൻ ആ​ഗ്രഹിക്കുന്നതായി മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞിരുന്നു.