സന്യാസി സമൂഹത്തില്‍ നിന്നും പുറത്താക്കിയ നടപടി ശരിവച്ച് വത്തിക്കാനിലെ വൈദിക കോടതി: തെറ്റായ വാര്‍ത്തയെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കൽ

single-img
14 June 2021

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സന്ന്യാസി സമൂഹത്തില്‍നിന്നും പുറത്താക്കിയ നടപടി ശരിവച്ച് വത്തിക്കാന്‍. വത്തിക്കാനിലെ സഭാ കോടതിയാണ് സിസ്റ്റര്‍ ലൂസിയുടെ അപ്പീല്‍ തള്ളിയത്. അപ്പൊസ് തോലിക് സെന്യൂര എന്ന വത്തിക്കാനിലെ വൈദിക കോടതിയാണ് ലൂസി കളപ്പുരയ്ക്കലിന്റെ അപ്പീല്‍ തള്ളിയത്.

സഭാ കാര്യങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കുന്ന വത്തിക്കാനിലെ ഉന്നത വൈദിക കോടതിയാണ് അപ്പൊസ് തോലിക് സെന്യൂര. സഭാ നിയമങ്ങളും സന്യാസ ചട്ടങ്ങളും ലംഘിച്ചു എന്നതിന്റെ പേരിലായിരുന്നു ലൂസി കളപ്പുരയ്ക്കലിനെ പുറത്താക്കിയത്. സഭയുടെ തീരുമാനം പിന്നീട് വത്തിക്കാന്‍ ശരിവച്ചിരുന്നു. ഇതിനെതിരെയാണ് ലൂസി അപ്പീല്‍ പോയത്. ലൂസി കളപ്പുരയ്ക്കലിനെ പുറത്താക്കിയ നടപടി വത്തിക്കാനും ശരിവച്ചതായി കേരളത്തിലെ സന്ന്യാസി സമൂഹത്തിന്റെ ചുമതല വഹിക്കുന്ന ഫ്രാന്‍സിസ്ന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ കേരളത്തിലെ കന്യാസ്ത്രീകള്‍ക്ക് അയച്ച കത്തിലാണ് ഹര്‍ജി വത്തിക്കാന്‍ തള്ളിയെന്ന കാര്യം വ്യക്തമായത്.

എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് തന്നെ സഭയില്‍ നിന്നും പുറത്താക്കിയത്. കഴിഞ്ഞ രണ്ട് ദിവസം മുന്‍പ് തനിക്ക് വത്തിക്കാനില്‍ നിന്നുമെന്ന പേരില്‍ ഒരു കത്ത് കിട്ടിയിരുന്നു. വത്തിക്കാനിലെ എന്റെ വക്കീല്‍ കേസ് സമര്‍പ്പിക്കുകയോ വിചാരണയില്‍ പങ്കെടുക്കുകയോ ചെയ്യുന്നതിന് മുന്‍പുള്ള കത്താണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. അപ്പീല്‍ തള്ളിയതായി തന്റെ അഭിഭാഷകന്‍ ഇതുവരെ അറിയിച്ചില്ല. സത്യത്തിനും നീതിക്കും നിരക്കാത്ത കാര്യങ്ങളാണ് ഇത്. ഇരയും പരാതിക്കാരിയുമായ തന്നെ കേള്‍ക്കാതെയാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്ന് ലൂസി കളപ്പുര പറഞ്ഞു.