ഐഎസില്‍ ചേര്‍ന്നവരെ തിരികെ കൊണ്ടുവരുന്ന വിഷയത്തില്‍ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി

single-img
14 June 2021

ഐഎസില്‍ ചേര്‍ന്നവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച വിഷയത്തില്‍ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് നമ്മുടെ രാജ്യത്തിന്റെ ഒരു പ്രശ്‌നമാണ്. രാജ്യത്തിന്റെ ഭാഗമായിട്ട് അവര്‍ നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്. അപ്പോള്‍ അതിന്റെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ് എന്നത് കൂടുതല്‍ മനസിലാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഈ പറയുന്നവര്‍ അവിടുത്തെ ജയിലിലാണ്. അവര്‍ ഇങ്ങോട്ട് വരാന്‍ തയാറുണ്ടോയെന്ന് അറിയണം. അതുപോലെ തന്നെ കുടുംബത്തിന്റെ അഭിപ്രായം അറിയാന്‍ തയാറാകണം. അങ്ങനെയൊക്കെ കൂടി പൊതുവായ നിലപാട് ഇക്കാര്യത്തില്‍ സ്വീകരിക്കുകയാണ് വേണ്ടത്. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. ഈ കാര്യങ്ങളെല്ലാം പരിശോധിച്ചു കൊണ്ടാകണം നിലപാട് സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് സുരക്ഷ ഭീഷണിയാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ നിലപാട്. ചാവേര്‍ ആക്രമണത്തിന് സ്ത്രീകള്‍ക്കുള്‍പ്പെടെ പരിശീലനം നല്‍കിയതിന് തെളിവുണ്ട്. വിഷയം കോടതിയിലെത്തിയാല്‍ നിയമപരമായി നേരിടാനാണ് സര്‍ക്കാരിന്റെ നീക്കം. ഐഎസില്‍ ചേര്‍ന്നവരെ തിരികെ കൊണ്ടുവരണമെന്ന് മുന്‍ അംബാസഡര്‍ കെ പി ഫാബിയന്‍ ആവശ്യപ്പെട്ടിരുന്നു.

സോണിയ, മെറിന്‍, നിമിഷ ഫാത്തിമ, റഫീല എന്നീ മലയാളികളാണ് അഫ്ഗാന്‍ ജയിലിലുള്ളത്. അന്താരാഷ്ട്ര മതമൗലികവാദിക ശക്തികളുമായി യോജിച്ച് പ്രവര്‍ത്തിച്ച ഇവരെ തിരികെ കൊണ്ടുവരുന്നത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് സുരക്ഷാ ഏജന്‍സികളുടെ നിലപാട്. അതിനാല്‍ ഇവരെ തിരികെ എത്തിക്കേണ്ട എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.