ചൈനയുടെ ആണവനിലയത്തിൽ ചോർച്ചയെന്ന് റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ചൈനീസ് സർക്കാർ

single-img
14 June 2021

ചൈനയിലുള്ള ഗുവാങ്‌ഡോങ് പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ആണവനിലയത്തിൽ ചോർച്ചയെന്ന് അമേരിക്കൻ റിപ്പോർട്ട്. ഫ്രാൻസിൽ നിന്നുള്ള കമ്പനിയുടെ ഉടമസ്ഥതയിലുള്ള തായ്‌ഷാൻ ആണവനിലയത്തിലാണ്അവസാന ഒരാഴ്ചയിലേറേയായി ചോർച്ച എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഫ്രഞ്ച് കമ്പനിയായ ഫാർമടോം ഇതുമായി ബന്ധപ്പെട്ട വിവരം അമേരിക്കയ്ക്ക് കൈമാറിയ രേഖ ഉദ്ധരിച്ചു അന്താരാഷ്‌ട്ര മാധ്യമമായ സിഎൻഎൻ ആണ് ഇത് റിപ്പോർട്ടു ചെയ്തത്. ഒരുപക്ഷെ സംഭവിക്കാനിടയുള്ള ‘റേഡിയോളജിക്കൽ ദുരന്ത’ത്തിൽ ആശങ്കയറിയിച്ചാണ് കമ്പനി അമേരിക്കയെ സമീപിച്ചത് എന്ന് റിപ്പോർട്ടിൽ പറയുന്നു.

അവസാന ഒരാഴ്ചയായി അമേരിക്കയുടെ ഊർജ മന്ത്രാലയം ആണവനിലയത്തിൽ നടന്ന ചോർച്ച സംബന്ധിച്ച വിവരങ്ങൾ സംസൂക്ഷ്മം നിരീക്ഷിച്ചുവരുകയാണെന്ന് അവർ അറിയിക്കുന്നു. എന്നാൽ ചൈനീസ് സർക്കാർ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോൾ പ്രതിസന്ധിഘട്ടമില്ലെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. വരും നാളുകളിൽ ചോർച്ച തടയാനായില്ലെങ്കിൽ സ്ഥിതി വഷളായേക്കുമെന്നും കരുതുന്നു.

ചൈനയിലെ പ്ലാന്റിലെ പ്രശ്നം പരിഹരിക്കുന്നതിനായി അമേരിക്കയുടെ സാങ്കേതിക സഹായം പങ്കിടാൻ അനുവദിക്കുന്ന ഒരു ഇളവ് നേടുന്നതിനായാണ് ഫാർമടോം കമ്പനി ജൂൺ 8ന് യുഎസിനെ സമീപിച്ചത്. എന്നാൽ അമേരിക്കൻ സഹായം സ്വീകരിക്കുന്നതു സംബന്ധിച്ച അന്തിമതീരുമാനം ചൈനയാണ് എടുക്കേണ്ടത്. പക്ഷെ ആണവചോർച്ച സംബന്ധിച്ച ഒരു വിവരവും ചൈന ഇതുവരെ പുറത്തുവിട്ടിട്ടില്ല.