കോപ്പ അമേരിക്ക: വെനസ്വേലക്കെതിരെ ബ്രസീൽ സ്വന്തമാക്കിയത് ഉജ്ജ്വല വിജയം

single-img
14 June 2021

കോപ്പ അമേരിക്ക ഫുഡ്ബോള്‍ ടൂര്‍ണമെന്റില്‍ ബ്രസീലിന് ഉജ്ജ്വല തുടക്കം. കഴിഞ്ഞ ദിവസം നടന്ന കളിയില്‍ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് ബ്രസീല്‍ തുടക്കം ഗംഭീരമാക്കിയത്. ക്യാപ്റ്റന്‍ എന്ന നിലയിലും ഗോളുകള്‍ നെടുന്നതിലും സൂപ്പർ താരം നെയ്മർ തിളങ്ങി നിന്ന്.

ബ്രസീലിനായി മാർക്വിനസ്, നെയ്മർ, ഗബ്രിയൽ എന്നിവരാണ് ഗോള്‍ നേടിയത്. വെനസ്വേലയ്ക്ക് മേല്‍ ആധിപത്യം നേടാൻ ബ്രസീലിനായി. 23-ാം മിനുറ്റിലാണ് ആദ്യ ഗോൾ പിറന്നത് .നെയ്മർ നല്‍കിയ ക്രോസ് വെനസ്വേലൻ പ്രതിരോധ താരത്തിന്റെ ദേഹത്തിടിച്ച് പോസ്റ്റിനരികലേക്ക് വന്നപ്പോള്‍ ഈ അവസരം മനസിലാക്കിയ മാർക്വിനസ് അനായാസം പന്ത് വലയിലെത്തിക്കുകയായിരുന്നു.

കളിയുടെ ആദ്യ പകുതിയിൽ ധാരാളം മുന്നേറ്റങ്ങൾ നെയ്മറിന്റെ നേതൃത്വത്തിൽ നടന്നെങ്കിലും പ്രതീക്ഷിച്ചപോലെ ഗോളുകൾ പിറന്നില്ല. തുടര്‍ന്ന് മത്സരത്തിന്റെ 64-ാം മിനുറ്റിൽ ഡാനിലോയെ ബോക്‌സിനുള്ളിൽ വീഴ്ത്തിയതിന് റഫറി പെനാലിറ്റി വിധിച്ചു. ഇത്തവണ കിക്കെടുത്ത നെയ്മറിന് പിഴവ് സംഭവിച്ചില്ല. അനായാസ ഗോളില്‍ ബ്രസീൽ ലീഡ് ഉയർത്തി.

മത്സരത്തിലെ അവസാന നിമിഷമാണ് മൂന്നാം ഗോളിന്റെ പിറവി. ഗ്രൌണ്ടിലെ ഇടത് വിങ്ങിലൂടെ മുന്നേറിയ നെയ്മര്‍ ബോക്‌സിനുള്ളിലേക്ക് നല്‍കിയ ക്രോസ് ഓടിയെത്തിയ ഗബ്രിയേൽ തന്റെ നെഞ്ച് കൊണ്ട് ലക്ഷ്യത്തില്‍ എത്തിക്കുകയായിരുന്നു.