കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ബിജെപി സമിതിയെ നിയോഗിച്ചിട്ടില്ല: പ്രചാരണങ്ങൾ തള്ളി കേന്ദ്ര നേതൃത്വം

single-img
14 June 2021

നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിക്ക് നേരിട്ട ദയനീയ പരാജയം വിലയിരുത്താന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചുവെന്ന വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി ബി ജെ പി. കേന്ദ്ര നേതൃത്വം. തങ്ങള്‍ ഇക്കാര്യത്തില്‍ ആരോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും അവലോകനത്തിനും വിലയിരുത്തലിനും ബി ജെ പിക്ക് സ്വന്തം സംവിധാനങ്ങളുണ്ടെന്നും പാര്‍ട്ടി ആസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് പറഞ്ഞു.

കേരളത്തിലേക്ക് സി വി ആനന്ദബോസ്, ജേക്കബ് തോമസ്, ഇ ശ്രീധരന്‍ തുടങ്ങിയവരെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ നിയോഗിച്ചുവെന്നായിരുന്നു വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ‘കമ്മിറ്റിയുടെ കാര്യത്തില്‍ ചില വ്യക്തികള്‍ അത്തരത്തില്‍ അവകാശവാദം ഉന്നയിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മാധ്യമ വാര്‍ത്തകളും വന്നിരുന്നു.

പക്ഷെ പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുപ്പിനെ പറ്റി അവലോകനം നടത്തുന്നതിനും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും പാര്‍ട്ടിക്ക് സ്വന്തമായ സംവിധാനങ്ങളുണ്ട്. അതുകൊണ്ടുതന്നെ മൂന്നംഗ സമിതിയെപ്പറ്റി സംസ്ഥാന നേതൃത്വത്തോട് ചോദിച്ച് സ്ഥിരീകരിക്കാന്‍ തയ്യാറാകണം,’ അരുണ്‍ സിംഗ് പറഞ്ഞു.