പരിശോധനാ ഫലം വന്നു; മുതുമലയിലെ ആനകളെല്ലാം കൊവിഡ് നെഗറ്റീവ്

single-img
14 June 2021

മുതുമലയിലുള 28 ആനകളുടെയും കൊവിഡ് പരിശോധന ഫലം നെഗറ്റീവായി. കഴിഞ്ഞ ദിവസം യുപിയിലെ ഇസാത്ത് നഗറിലുള്ള വെറ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനഫലം തമിഴ്‌നാട് വനംവകുപ്പിന് ലഭിക്കുകയായിരുന്നു.

നേരത്തെ ചെന്നൈ അരിഗ്നര്‍ അണ്ണാ സൂവോളജിക്കല്‍ പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് കൊവിഡ് വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുതുമലയിലെ ആനകളെയും പരിശോധിക്കാന്‍ തമിഴ്നാട് വനം മന്ത്രി ഉത്തരവിട്ടത്. ഇതിനെ തുടര്‍ന്ന് 28 ആനകളുടെയും സ്രവം പരിശോധനക്കായി ശേഖരിച്ചിരുന്നു.

മുതുമലയിലെ കുട്ടിയാനകളുടെയടക്കം സ്രവം ശേഖരിച്ചായിരുന്നു അധികൃതര്‍ പരിശോധനക്ക് അയച്ചത്. നിലവില്‍ ലഭിച്ച സമയം പരിശോധന ഫലം നെഗറ്റീവായെങ്കിലും ജാഗ്രത തുടരാനാണ് വനംവകുപ്പിന്റെ തീരുമാനം. ക്യാമ്പിലുള്ള പ്രായമായ ആനകള്‍ക്ക് കൊവിഡ് കാലത്ത് പ്രത്യേക പരിപാലനം നല്‍കും. ഇതിനായി ഇതുപോലുള്ള ആനകളെ പരിപാലിക്കുന്നവരുടെ ടെമ്പറേച്ചര്‍ പരിശോധിക്കും.

പാപ്പാന്മാര്‍ ഉള്‍പ്പെടെയുള്ള ആനപരിപാലകര്‍ക്ക് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ മുതുമല വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് താമസിക്കുന്ന ആദിവാസികള്‍ക്ക് പ്രത്യേക കൊവിഡ് വാക്സിനേഷന്‍ ക്യാമ്പുകള്‍ വാക്‌സിന്‍ ലഭ്യമാകുന്ന മുറക്ക് നടത്താനും തീരുമാനമായി.