ഐഷാ സുല്‍ത്താനയ്ക്ക് ഒളിത്താവളമൊരുക്കാമെന്ന് വാക്കുകൊടുത്ത മന്ത്രി വി ശിവന്‍കുട്ടിയെ പുറത്താക്കണം: ബിജെപി

single-img
13 June 2021

രാജ്യദ്രോഹ കേസില്‍ പ്രതിയായ ഐഷാ സുല്‍ത്താനയ്ക്ക് കേരളത്തില്‍ ഒളിത്താവളമൊരുക്കാമെന്ന് വാക്കുകൊടുത്ത മന്ത്രി വി ശിവന്‍കുട്ടിയെ ആ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ബിജെപി. മുഖ്യമന്ത്രി പിണറായി വിജയനെയും തന്നെയും വന്ന് കണ്ടാല്‍ ലക്ഷദീപ് പോലീസില്‍ നിന്നും രക്ഷിക്കാമെന്ന് ഐഷാ സുല്‍ത്താനയോട് ഫോണില്‍ പറഞ്ഞ മന്ത്രിയുടെ നിലപാടാണോ മുഖ്യമന്ത്രിക്കുമെന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വാസവും കൂറും പുലര്‍ത്തും എന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി അത് ലംഘിച്ചിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ പുറത്താക്കുകയാണ് വേണ്ടത്. കേരളത്തിന്റെ പോലീസ് അന്വേഷിക്കുന്ന പ്രതികളെ മറ്റേതെങ്കിലും സംസ്ഥാനത്തെ മുഖ്യമന്ത്രിമാര്‍ സംരക്ഷിച്ചാലുണ്ടാക്കുന്നതു പോലുള്ള ഗുരുതരമായ ഭരണഘടനാ ലംഘനമാണ് മന്ത്രി ശിവന്‍ കുട്ടി ചെയ്തിരിക്കുന്നതെന്നും സുരേഷ് ആരോപിക്കുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ, സ്വന്തം പൌരന്മാരുടെ നേര്‍ക്ക് ജൈവായുധം പ്രയോഗിച്ചു എന്ന് പറഞ്ഞതിനാണ് ഐഷക്കെതിരെ കേസെടുത്തത് എന്നും സുരേഷ് പറഞ്ഞു. സമൂഹത്തിലെ സൌഹാര്‍ദ്ദം തകര്‍ക്കാനും രാജ്യത്തിന്റെ ഐക്യം ഇല്ലാതാക്കാനുമുള്ള ഈ പ്രവൃത്തി ജീവപര്യന്തം ശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണ്.

ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പുലര്‍ത്തുന്ന മൗനം രാജ്യദ്രോഹികളെ സംരക്ഷിക്കാനെ സഹായിക്കൂ. കേരളത്തിലെ എസ്ഡിപിഐ പോലുള്ളവരുടെ ഔദാര്യത്തില്ല്‍ എംഎല്‍എ ആയ ശിവന്‍കുട്ടി മത തീവ്രവാദികളുടെ അടിമയായി നേമം ജനതയെ വീണ്ടും അപമാനിക്കുകയാണന്നും സുരേഷ് ആരോപിക്കുന്നു.

നേരത്തെ കവരത്തി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മന്ത്രി ശിവന്‍കുട്ടി രംഗത്തുവന്നിരുന്നു.