തിരുവന്തപുരത്ത് നിന്ന് കാസര്‍ഗോട്ടേക്ക് നാലുമണിക്കൂര്‍ യാത്ര, അതിവേഗ റെയില്‍ പദ്ധതിയില്‍ സര്‍ക്കാര്‍ പ്രാരംഭ നടപടിയാരംഭിച്ചു

single-img
12 June 2021

തലസ്ഥാനത്തു നിന്ന് നാലുമണിക്കൂര്‍ കൊണ്ട് 532 കി.മീറ്റര്‍ പിന്നിട്ട് കാസര്‍കോട്ട് എത്താനാകുന്ന സെമീ – ഹൈ സ്പീഡ് റെയില്‍ ആദ്യചുവടു വയ്ക്കുകയാണ്. 1226.45 ഹെക്ടര്‍ ഭൂമിയേറ്റെടുക്കാനുള്ള മന്ത്രിസഭാ അനുമതിയോടെ, പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയാണ്. 11 ജില്ലകളില്‍ സ്ഥലമെടുപ്പിനായി 8,656കോടി ചെലവുണ്ട്. പരിസ്ഥിതി ആഘാതപഠനത്തിനായി കളക്ടര്‍മാര്‍ ഉത്തരവിറക്കുകയാണ് ആദ്യനടപടി. പദ്ധതിക്ക് റെയില്‍വെ മന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഭൂമിയേറ്റെടുക്കലിന് ആകര്‍ഷകമായ പാക്കേജുണ്ടാവും. 9314 കെട്ടിടങ്ങള്‍ പൊളിക്കേണ്ടിവരും. ഏറ്റെടുക്കുന്ന ഭൂമിക്ക് വിപണി വിലയുടെ രണ്ടു മുതല്‍ നാലിരട്ടി വരെ നഷ്ടപരിഹാരം നല്‍കും.എന്നിവയ്ക്കും ഇരട്ടി വില ലഭിക്കും. റെയില്‍പാതകള്‍, ദേശീയ, സംസ്ഥാന പാതകള്‍, റോഡുകള്‍ എന്നിവ മുറിച്ചു കടക്കാന്‍ മേല്‍പ്പാലങ്ങള്‍, അടിപ്പാതകള്‍ എന്നിവയുണ്ടാക്കും. ഓരോ 500 മീ?റ്ററിലും കാല്‍നടക്കാര്‍ക്ക് റെയില്‍പാത മുറിച്ചു കടക്കാന്‍ സൗകര്യമുണ്ടാക്കും. ദേശീയപാതയ്ക്ക് 45 മീറ്റര്‍ വീതിയില്‍ സ്ഥലമെടുക്കുമ്‌ബോള്‍ അതിവേഗ റെയിലിന് 15മുതല്‍ 25മീറ്റര്‍ വരെ വീതി മതി. നെല്‍പാടങ്ങളും കെട്ടിടങ്ങളും ഒഴിവാക്കാന്‍ 88 കിലോമീറ്ററില്‍ ആകാശപാത നിര്‍മ്മിക്കും. കോഴിക്കോട് നഗരത്തിനടിയില്‍ പാതയ്ക്കായി തുരങ്കം നിര്‍മ്മിക്കും.

തിരൂര്‍ മുതല്‍ കാസര്‍കോട് വരെ വളവുകളില്ലാത്തതിനാല്‍ നിലവിലെ പാതയ്ക്ക് സമാന്തരമായിരിക്കും അതിവേഗപാത. തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെയാണ് പുതിയ അലൈന്‍മെന്റ്. റെയില്‍വേയ്ക്ക് 49ശതമാനം ,സംസ്ഥാനത്തിന് 51ശതമാനം ഓഹരിയുള്ള റെയില്‍വേ വികസന കോര്‍പറേഷനാണ് (കെ.ആര്‍.ഡി.സി.എല്‍)പദ്ധതിയുടെ നടത്തിപ്പു ചുമതല.

പദ്ധതിക്കായി ഏറ്റെടുക്കേണ്ടതില്‍ 1074.19ഹെക്ടര്‍ സ്വകാര്യഭൂമിയും 107.98ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയുമാണ്. നിലവിലെ റെയില്‍പാതയ്ക്ക് അരികിലുള്ള 200ഹെക്ടര്‍ റെയില്‍വേ ഭൂമി പദ്ധതിക്കായി കൈമാറും. ഇതിന്റെ വിലയായ 900 കോടി സംസ്ഥാനം നല്‍കണം. ഈ തുക പദ്ധതിയില്‍ റെയില്‍വേയുടെ ഓഹരിയില്‍പ്പെടുത്തും. സ്ഥലമെടുപ്പ് വേഗത്തിലാക്കുന്നതിന് ലാന്‍ഡ് അക്വിസിഷന്‍ സെല്ലുകള്‍ ഉടന്‍ ആരംഭിക്കും. ഭൂമിയേറ്റെടുക്കാന്‍ 8656 കോടി സംസ്ഥാനം മുടക്കണം.

33,700 കോടി വിദേശവായ്പയെടുത്താണ് അതിവേഗ റെയില്‍പാത പണിയുക. ഭൂമിവിലയൊഴികെ വായ്പ നല്‍കാന്‍ ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി(ജൈക്ക) സന്നദ്ധത അറിയിച്ചിരുന്നു. ജൈക്കയ്ക്ക് 0.2 മുതല്‍ 0.5ശതമാനം പലിശയേയുള്ളൂ. 30 വര്‍ഷത്തെ തിരിച്ചടവും 10വര്‍ഷം മോറട്ടോറിയവും കിട്ടും. ന്യൂ ഡെവലപ്‌മെന്റ് ബാങ്ക്(എന്‍.ഡി.ബി), ഫ്രഞ്ച് വികസനബാങ്ക് (എ.എഫ്.ഡി), ഏഷ്യന്‍ വികസനബാങ്ക് (എ.ഡി.ബി), ലോകബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്(എ.ഐ.ഐ.ബി) എന്നിവയുമായും ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. റെയില്‍പാത നിര്‍മ്മാണം തുടങ്ങുന്ന ഘട്ടത്തിലേ വിദേശവായ്പ കിട്ടേണ്ടതുള്ളൂ. കൊറിയയിലെ ഹ്യുണ്ടായി, ചൈനയിലെ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്, ബ്രിക്‌സ് രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച് ചൈനയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ ഡെവലപ്‌മെന്റ് ബാങ്ക്, ഫ്രഞ്ച് വികസന ബാങ്ക്, ഏഷ്യന്‍ വികസനബാങ്ക്, ജര്‍മ്മന്‍ ബാങ്ക്, ലോകബാങ്ക് എന്നിവരും വായ്പ നല്‍കാന്‍ സന്നദ്ധരാണ്.

അതിവേഗ റെയില്‍

നിലവിലെ യാത്രാദൂരം: 13 മണിക്കൂറില്‍ അധികം

പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 3.52 മണിക്കൂര്‍

ചെലവ് – 66,405 കോടി

വിദേശവായ്പ എടുക്കേണ്ടത്- 34,454കോടി

യാത്രാസമയം

തിരു- കൊല്ലം: 24 മിനിട്ട്

കോട്ടയം: 1.03 മണിക്കൂര്‍

എറണാകുളം: 1.26 മണിക്കൂര്‍

തൃശൂര്‍: 1.54 മണിക്കൂര്‍

കോഴിക്കോട്- 358കി.മീ,-2.37മണിക്കൂര്‍

കാസര്‍കോട്: 3.52 മണിക്കൂര്‍

180-200 കി.മി

പ്രതീക്ഷിത വേഗത

10 സ്റ്റേഷനുകള്‍

കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, കാക്കനാട്, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്