സംസ്ഥാനത്ത് ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിക്ക് തുടക്കം

single-img
12 June 2021

കൃഷിവകുപ്പിന്റെ ‘ഓണത്തിനൊരു മുറം പച്ചക്കറി’ പദ്ധതിക്ക് തുടക്കമായി. സെക്രട്ടറിയറ്റ് അങ്കണത്തിലെ പച്ചക്കറിത്തോട്ടത്തില്‍ തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. 70 ലക്ഷം കുടുംബത്തെ പങ്കെടുപ്പിച്ചുളള കൃഷിവകുപ്പിന്റെ ജനകീയ ക്യാമ്പയിനാണ് ‘ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി’. ഓണം മുന്നില്‍ക്കണ്ട് എല്ലാ കുടുംബത്തിലും സുരക്ഷിത ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പുവരുത്താനാണ് പദ്ധതി. കൃഷിവകുപ്പ് 50 ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റും ഒന്നരക്കോടി പച്ചക്കറി തൈകളും ഈ മാസം വിതരണം ചെയ്യും.

കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വനിതാ ഗ്രൂപ്പുകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും കൃഷിഭവന്‍ മുഖാന്തരം സൗജന്യമായി നല്‍കും. ചീര, വെണ്ട, പയര്‍, പാവല്‍, വഴുതന എന്നിങ്ങനെ അഞ്ചിനം വിത്തുകള്‍ അടങ്ങിയ പായ്ക്കറ്റാണ്. കഴിഞ്ഞ വര്‍ഷം ഓണത്തിനുമാത്രം 2.32 ലക്ഷം മെട്രിക് ടണ്ണിന്റെ ഗാര്‍ഹിക പച്ചക്കറി ഉല്‍പ്പാദിപ്പിച്ചു. ഇത് വര്‍ധിപ്പിക്കുകയും എല്ലാ സീസണിലും സ്വന്തമായി കൃഷി ഇറക്കുന്നതിന് കുടുംബങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും വീട്ടുവളപ്പിലെ കൃഷി വ്യാപകമാക്കുകയുമാണ് ലക്ഷ്യമിടുന്നത്. ചടങ്ങില്‍ മന്ത്രി പി പ്രസാദ് അധ്യക്ഷനായി.