നിമിഷ ഫാത്തിമ ഇപ്പോഴും ഇന്ത്യൻ പൗര; തിരികെ എത്തിക്കാന്‍ മുഖ്യമന്ത്രിയുടെ സഹായം തേടുമെന്ന് മാതാവ് ബിന്ദു

single-img
12 June 2021

ഇസ്ലാമിക ഭീകരവാദ സംഘടനയായ ഐസിസിൽ ചേർന്ന മലയാളി യുവതികളെ ഇന്ത്യയിലേക്ക്തി രികെ എത്തിക്കേണ്ടതില്ല എന്ന് കേന്ദ്ര സർക്കാർ നിലപാടെടുത്തതിന് പിന്നാലെ മകളെ നാട്ടിലേക്ക് കൊണ്ടുവരാൻ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ച് നിമിഷ ഫാത്തിമയുടെ മാതാവ് ബിന്ദു. നിലവില്‍ അഫ്ഗാൻ ജയിലിൽ കഴിയുന്ന സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.

നിമിഷയെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കാനായി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായം തേടുമെന്ന് മലയാളത്തിലെ ഒരു വാർത്താ ചാനലിനോട് സംസാരിക്കവെ ബിന്ദു പറഞ്ഞു. സ്വന്തം രാജ്യത്തേക്ക് മടങ്ങി വരാൻ നിമിഷയ്ക്ക് താത്പര്യമുണ്ടെന്നും മകളെ നാട്ടിലേക്ക് തിരികെയെത്തിച്ചതിനു ശേഷം നിയമനടപടികൾക്ക് വിധേയമാകുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും ബിന്ദു പറയുന്നു.

നിമിഷ ഇപ്പോഴും ഇന്ത്യന്‍ പൗര തന്നെയാണെന്നു പറഞ്ഞ ബിന്ദു തന്റെ മകളുടെ മടക്കത്തെ തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു . സ്വന്തം രാജ്യത്തെ ഒരു ഹിന്ദുവിനെ പോലും പിന്തുണക്കാത്ത സര്‍ക്കാരാണ് ഭരിക്കുന്നതെന്നായിരുന്നു ബിന്ദു കുറ്റപ്പെടുത്തിയത്.

അഫ്ഗാനിലെ ജയിലില്‍ കഴിയുന്നവരെ ഡീപോര്‍ട്ട് ചെയ്യാമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ അതിന് മറുപടി നല്‍കിയിട്ടില്ല. 2016 ജൂലായിലായിരുന്നു ആറ്റുകാൽ സ്വദേശി നിമിഷയെ കാണാനില്ലെന്ന പരാതിയുമായി ബിന്ദു രംഗത്തെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവിനൊപ്പം മതപരിവർത്തനം നടത്തി ഫാത്തിമയെന്ന പേരിൽ ഐസിസിൽ ചേരാൻ നിമിഷ പോയതായി സ്ഥിരീകരിച്ചത്.