ബംഗാളില്‍ ബിജെപിക്ക് തിരിച്ചടി; മുകുള്‍ റോയ് തിരികെ തൃണമൂലിലേക്ക് തന്നെ പോകുന്നു

single-img
11 June 2021

പശ്ചിമ ബംഗാളില്‍ ബിജെപിക്ക് തിരിച്ചടിയായി ഒരിക്കല്‍ മമതയുടെ വിശ്വസ്തനായിരുന്ന മുകുള്‍ റോയ് തൃണമൂലിലേക്ക് തന്നെ മടങ്ങുന്നു. തിരികെ എത്തുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച പാര്‍ട്ടി നേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയെ മുകുള്‍ റോയ് നേരില്‍ കാണും. ഇദ്ദേഹത്തിനൊപ്പം ബിജെപിയില്‍ ചേര്‍ന്ന മകന്‍ സുഭ്രാന്‍ഗ്ഷു റോയിയും തൃണമൂലിലേക്ക് തിരിച്ചെത്തും.

2017 ലായിരുന്നു തൃണമൂല്‍ വിട്ട് മുകുള്‍ റോയ് ബി ജെ പിയില്‍ ചേര്‍ന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എങ്ങിനെയും പശ്ചിമ ബംഗാള്‍ പിടിക്കാന്‍ ബി ജെ പി നടത്തിയ ആദ്യ ശ്രമങ്ങളിലൊന്നായിരുന്നു മുകുള്‍ റോയിയുടെ ബിജെപി പ്രവേശനം. അതിനാല്‍ തന്നെ ബംഗാള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബി ജെ പി ദേശീയ ഉപാധ്യക്ഷനായും മുകുള്‍ റോയിയെ നിയമിച്ചിരുന്നു.

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ നേടിയ വിജയത്തെ തുടര്‍ന്ന് മുകുള്‍ റോയിയെക്കൂടാതെ തൃണമൂല്‍ വിട്ട് ബി ജെ പിയിലെത്തിയ പല നേതാക്കളും മടങ്ങാനുള്ള നീക്കത്തിലാണ്.ഇതിന്റെ സൂചനകള്‍ പുറത്തുവന്നു. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയിലെത്തിയ നേതാക്കളെക്കുറിച്ചു തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം വിവരമൊന്നുമില്ലെന്ന് ബംഗാളിലെ ബി ജെ പി വൃത്തങ്ങള്‍ പറഞ്ഞിരുന്നു.