ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് ഗാര്‍ഹിക ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ധാരണ

single-img
11 June 2021

കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്ന് ഗാര്‍ഹിക ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തി. കുവൈത്തില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ കേന്ദ വിദേശ കാര്യ മന്ത്രി എസ് ജയശങ്കറും കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ഡോ അഹമ്മദ് നാസര്‍ അല്‍മുഹമ്മദ് അസ്വബാഹ്‌മായി നടന്ന കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

മന്ത്രിമാരുടെ സാന്നിധ്യത്തില്‍ കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജും കുവൈത്ത് വിദേശകാര്യ സഹമന്ത്രി മജ്ദി അഹ്‌മദ് അല്‍ ദാഫിറും ആണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് കുവൈത്തിലെത്തുന്ന ഇന്ത്യന്‍ ഗാര്‍ഹികത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിര്‍ണായക വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് ധാരണപത്രം.

ഇന്ത്യ, കുവൈത്ത് ജോയിന്റ് കമീഷന്റെ ആദ്യ യോഗം ഈ വര്‍ഷം നടത്താനും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ധാരണയായി ആരോഗ്യം, ഹൈഡ്രോകാര്‍ബണ്‍, മാന്‍പവര്‍ എന്നീ വിഷയങ്ങളില്‍ ഊന്നിയാകും ആദ്യ യോഗം. മറ്റു മേഖലകളിലെ സഹകരണത്തിന് പുതിയ ജോയന്റ് വര്‍ക്കിങ് ഗ്രൂപ്പുകള്‍ രൂപവത്കരിക്കാനും ധാരണയായിട്ടുണ്ട് കുവൈത്ത് വാണിജ്യ വ്യവസായമന്ത്രി ഡോ അബ്ദുല്ല ഈസ അല്‍ സല്‍മാനും യോഗത്തില്‍ സന്നിഹിതനായിരുന്നു.

ഇന്‍ഡോ കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാര്‍ഷികം സംയുക്തമായി ആഘോഷിക്കാന്‍ തീരുമാനിക്കുകയും ഒരു വര്ഷം നീളുന്ന ആഘോഷപരിപാടികള്ക്കു ഔദ്യോഗികമായി തുടക്കം കുറിക്കുകയും ചെയ്തു.