പെൺകുട്ടിയെ യുവാവ് പത്ത് വർഷം ഒളിവിൽ പാ‌‌ർപ്പിച്ച സംഭവം; വനിതാ കമ്മീഷൻ കേസെടുത്തു

single-img
11 June 2021

പാലക്കാട് ജില്ലയിലെ നെന്മാറയിൽ പെൺകുട്ടിയെ പത്ത് വർഷം സ്വന്തം വീട്ടിൽ ആരുമറിയാതെ ഒളിവിൽ പാ‌‌ർപ്പിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ കേസെടുത്തു. തുടർന്ന് സംഭവത്തിൽ റിപ്പോ‌ർട്ട് നൽകാൻ കമ്മീഷൻ നെന്മാറ സിഐയോട് ആവശ്യപ്പെട്ടു. ഇതോടൊപ്പം യുവതിക്ക് ആവശ്യമായ കൗൺസിലിം​ഗ് നൽകാനും നി‌ർദ്ദേശമുണ്ട്.

നെന്മാറയ്ക്ക് സമീപം അയിലൂരിലാണ് കാമുകിയായ സാജിതയെ റഹ്മാൻ സ്വന്തം വീട്ടിലെ ഒരു മുറിയിൽ പത്തുവർഷത്തോളം ആരുമറിയാതെ താമസിപ്പിച്ചത്. മുറിക്കുള്ളിൽ പ്രത്യേക സജ്ജീകരണങ്ങളൊരുക്കി വീട്ടുകാരെ വരെ അടുപ്പിക്കാതെയായിരുന്നു റഹ്മാൻ സജിതയെ ഒളിപ്പിച്ച് നിർത്തിയത് എന്നാണ് പുറത്തുവന്ന വിവരം.

വീട്ടിൽ നിന്നും മൂന്ന്മാസം മുമ്പ് കാണാതായ റഹ്മാനെ കഴിഞ്ഞദിവസം സഹോദരൻ വഴിവക്കിൽ വച്ച് തിരിച്ചറിഞ്ഞ് പൊലീസിലറിയിച്ചപ്പോഴാണ് ഇരുവരുടെയും പ്രണയകഥയുടെ ചുരുളഴിയുന്നത്. കാണാതാകുന്ന സമയം പെണ്‍കുട്ടിക്ക് 19 വയസ്സായിരുന്നു പ്രായം. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് ഏറെ അന്വേഷിച്ചെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല.