ഉപ്പു തിന്നവർ വെള്ളം കുടിക്കും; മുട്ടിൽ മരംമുറികേസ് പ്രത്യേകസംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

single-img
11 June 2021

സംസ്ഥാനത്തെ ഏറ്റവും പുതിയ രാഷ്ട്രീയ വിവാദമായ വയനാട് മുട്ടിൽ മരംമുറിക്കേസ് പ്രത്യേകസംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ വനംവകുപ്പ്, റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പുറമെ വിജിലൻസ്, ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെടുന്ന ഉന്നതതല സംഘമാണ് അന്വേഷണം നടത്തുകയെന്ന് വൈകുന്നേരം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ അറിയിക്കുകയായിരുന്നു.

സംസ്ഥാന വ്യാപകമായി അനധികൃതമായി മരം മുറിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ സാഹചര്യത്തിൽ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ശക്തമായ ആരോപണം തുടരുന്നതിനിടെയാണ് ഈ തീരുമാനം വന്നത് എന്നതും ശ്രദ്ധേയമാണ്. മരങ്ങൾ മുറിക്കുവാൻ അനുമതി തേടിയ ഇടുക്കിയിലെ കര്‍ഷകരെ സഹായിക്കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നുംപക്ഷെ ഈ ഉത്തരവ് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുറ്റവാളികൾ ആരായാലും ഉപ്പുതിന്നവര്‍ ആരായാലും വെള്ളം കുടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ വനംവകുപ്പിൻ്റെയും റവന്യൂ വകുപ്പിൻ്റെയും നേതൃത്വത്തിലാണ് കേസിലെ അന്വേഷണം നടക്കുന്നത്. മരംമുറിക്കാൻ വേണ്ടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോഴ കൊടുത്തതായി കേസിലെ ചില പ്രതികള്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.