നിലവാരമില്ല; പതഞ്ജലിയുടെ കടുക് എണ്ണ പരിശോധനയ്ക്ക് വിധേയമാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍

single-img
10 June 2021

ബാബാ രാം ദേവിന്‍റെ കീഴിലുള്ള പതഞ്ജലി വില്‍ക്കുന്ന കടുക് എണ്ണ നിലവാരമില്ലാത്തതെന്ന നിഗമനത്തില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍. പതഞ്ജലിയുടെ സിംഗാനിയ ഓയില്‍ മില്‍ നല്‍കിയ അഞ്ച് സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതിനെ തുടര്‍ന്നാണ്‌ രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ തീരുമാനം.

ലാബില്‍ പരിശോധനയ്ക്കായി എത്തിച്ച അഞ്ച് സാംപിളുകളും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതായി രാജസ്ഥാനിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. രാജസ്ഥാനിലെ അല്‍വാറിലെ ഫുഡ് സേഫ്റ്റി അന്‍ഡ് സ്റ്റാന്‍ഡാര്‍ഡ് അതോറിറ്റിയുടെ ലാബില്‍ കഴിഞ്ഞ മാസം 27നാണ് പരിശോധന നടന്നത്.

സര്‍ക്കാര്‍ പരിശോധനാ ഫലം പുറത്തുവിട്ടിട്ടും വിഷയത്തില്‍ പതഞ്ജലിയുടെ പ്രതികരണം ഇനിയും എത്തിയിട്ടില്ല. കഴിഞ്ഞ ബുധനാഴ്ചയാണ് കടുക് എണ്ണയ്ക്ക് നിലവാരമില്ലെന്ന ലാബ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഇതിനും രണ്ട് ആഴ്ചയ്ക്ക് മുന്‍പ് സിംഗാനിയ ഓയില്‍ മില്ലില്‍ നടത്തിയ പരിശോധനയില്‍ വലിയ അളവില്‍ എണ്ണ പാക്ക് ചെയ്യാനുള്ള കവറുകളും എണ്ണയും കണ്ടെത്തി സീല്‍ ചെയ്തിരുന്നു.