രാജ്യത്ത് മരണസംഖ്യ ഏറ്റവും ഉയര്‍ന്ന ദിനം; 6,148 കൊവിഡ് മരണം

single-img
10 June 2021

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 6,148 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. കൊവിഡ് മരണത്തിന്റെ കണക്കുകള്‍ ബിഹാര്‍ പരിഷ്‌കരിച്ചതിനു പിന്നാലെയാണ് മരണനിരക്ക് വലിയ തോതില്‍ ഉയരുന്നത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 3,59,676 ആയി.

24 മണിക്കൂറില്‍ 94,052 കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,91,83,121 ആയി. 11,67,952 സജീവ രോഗികളാണ് രാജ്യത്തുള്ളത്. 1,51,367 പേര്‍ 24 മണിക്കൂറില്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,76,55,493 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയും അറിയിച്ചു.

അതേ സമയം വാക്‌സിന്‍ സ്റ്റോക്ക് വിവരം പരസ്യപ്പെടുത്തരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇവിന്‍ സംവിധാനത്തിലെ വിവരം പുറത്ത് വിടരുതെന്നും വിവരം കേന്ദ്രത്തിന്റെ അധികാര പരിധിയില്‍ വരുന്നതെന്നും ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്. സെപ്റ്റംബറോടെ രാജ്യത്തെ 80 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കണമെന്നും അറിയിച്ചു.

ഒരുദിവസം 90 ലക്ഷം പേര്‍ക്കെങ്കിലും വാക്‌സിന്‍ നല്‍കുന്ന തരത്തില്‍ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കണമെന്നാണ് ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. വാക്‌സിന്‍ വിതരണം വീണ്ടും ഏറ്റെടുത്ത ശേഷമുള്ള പുതുക്കിയ മാര്‍ഗ്ഗരേഖ കേന്ദ്രം പുറത്തിറക്കിയിരുന്നു. രോഗികളുടെ എണ്ണവും ജനസംഖ്യയും കണക്കാക്കിയാകും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം വാക്‌സിന്‍ വിതരണം ചെയ്യുക.

വാക്‌സിന്‍ പാഴാക്കിയാല്‍ വിതരണത്തില്‍ കുറവ് വരുത്തും. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമ്പോള്‍ അതിന്റെ മുന്‍ഗണന ക്രമം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.