ബിജെപിയില്‍ ചേരണമെങ്കില്‍ ഞാന്‍ മരിക്കണം; മാധ്യമ പ്രവര്‍ത്തകരോട് കപില്‍ സിബല്‍

single-img
10 June 2021

താങ്കൾ ബിജെപിയിൽ ചേരുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അങ്ങിനെ ചേരണമെങ്കില്‍ താന്‍ മരിക്കേണ്ടിവരുമെന്ന മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപില്‍ സിബല്‍. രാഹുലിന് പ്രിയങ്കരനായ ജിതിന്‍ പ്രസാദ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ തലത്തിൽ കോൺഗ്രസ് നേതൃത്വം എന്ത് ചെയ്തു എന്ത് ചെയ്തില്ല എന്നതിനെക്കുറിച്ച് താൻ ഈ സാഹചര്യത്തില്‍ ഒന്നും പറയുന്നില്ലെന്നും പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയല്ലാതെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ഒരു ഘട്ടത്തിലാണ് ഇന്ത്യന്‍ രാഷ്ട്രീയം ഇപ്പോള്‍ എത്തിയിരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.

പ്രസാദ റാം രാഷ്ട്രീയം ആണ് ഇപ്പോള്‍ നടക്കുന്നത്. മുമ്പ് അത് ‘ആയാ റാം, ഗയാ റാം’ എന്നായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളില്‍ നമ്മള്‍ ഇതാണ് കണ്ടത്. എതിർ ചേരിയിൽ നിന്നും നേതാക്കള്‍ പെട്ടന്ന് ബി ജെ പി പക്ഷത്തേക്ക് മാറുന്നു. കാരണം, തെരഞ്ഞെടുപ്പിൽ ബി ജെ പിയാണ് ജയിക്കാന്‍ പോവുന്നതെന്ന് അവര്‍ കരുതുന്നു. അവർ ഒരിക്കലും ആദര്‍ശത്തിന്റെ അടിസ്ഥാനത്തിലല്ല തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നത്. പകരം എന്ത് തനിക്ക് ലഭിക്കുമെന്ന വ്യക്തിപരമായ നേട്ടങ്ങളാണ് ലക്ഷ്യം.മുൻ തെരഞ്ഞെടുപ്പുകളിൽ ഇത് തന്നെയാണ് മധ്യപ്രദേശിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലും സംഭവിച്ചത്-കപില്‍ സിബല്‍ പറഞ്ഞു.