ബിജെപിയില്‍ നേതൃമാറ്റമില്ല; കെ സുരേന്ദ്രനെതിരെ കടുത്ത അതൃപ്തി അറിയിച്ച് കേന്ദ്ര നേതൃത്വം

single-img
10 June 2021

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയവും പിന്നാലെയുണ്ടായ കുഴല്‍പ്പണ കവര്‍ച്ചാ വിവാദമടക്കമുള്ള സംഭവങ്ങളിലും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കടുത്ത അതൃപ്തി അറിയിച്ച് ബി ജെപിയുടെ കേന്ദ്ര നേതൃത്വം. കേരളത്തിൽ ഇപ്പോൾ വിവാദമായ കുഴല്‍പ്പണ ഇടപാടും പിന്നീട് സി കെ ജാനു, കെ സുന്ദര തുടങ്ങിയവരുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് വിവാദത്തിലും കേന്ദ്രത്തിന് കടുത്ത അതൃപ്തിയാണ് ഉള്ളത്.

എന്നാൽ, വിവാദങ്ങൾക്കിടയിൽ കേരളത്തിൽ തല്‍ക്കാലം നേതൃമാറ്റം വേണ്ടെന്നും കേന്ദ്ര നേതൃത്വം പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച കെ സുരേന്ദ്രനും വി മുരളീധരനും പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനോടകം കേരളത്തിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഫണ്ട് വിനിയോഗത്തെക്കുറിച്ചും ഒട്ടേറെ പരാതികള്‍ ദേശീയ നേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്.

ഇത്തരത്തിലുള്ള പരാതികളിൽ പറയുന്ന കാര്യങ്ങൾ വിശദമായി പരിശോധിക്കാന്‍ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. വിവാദങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ കെ സുരേന്ദ്രനോട് കേന്ദ്രം നിര്‍ദ്ദേശം നല്‍കി എന്നാണ് വിവരം.