ആക്രമണം നയിക്കാൻ നെയ്മർ; ബ്രസീൽ കോപ്പ അമേരിക്കയ്ക്കുള്ള 24 അംഗ ടീമിനെ പ്രഖ്യാപിച്ചു

single-img
10 June 2021

കോപ്പ അമേരിക്ക ഫുട്ബോൾ ടൂര്ണമെന്റിലേക്ക് 24 അംഗ ബ്രസീല്‍ ടീമിനെ പരിശീലകന്‍ ടിറ്റെ ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിച്ചു. നേരത്തെ രാജ്യത്തിനായി ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ കളിച്ച ടീമില്‍ നിന്ന് ഒരു വ്യത്യാസം മാത്രമാണ് ഈ സ്‌ക്വാഡിലുള്ളത്.

ഫ്‌ലെമംഗോയുടെ സൂപ്പർ താരം റോഡ്രിഗോ ദേശീയ ടീമിൽ നിന്നും പുറത്തായപ്പോള്‍ മുതിര്‍ന്ന പ്രതിരോധ താരം തിയാഗോ സില്‍വയെ പകരമായി ഉള്‍പ്പെടുത്തി. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെയേറ്റ പരിക്കിനെ തുടര്‍ന്ന് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ സില്‍വ കളിച്ചിരുന്നില്ല. പരിക്ക് കാരണം കഴിഞ്ഞ കോപ്പ വിജയത്തില്‍ പങ്കാളിയാവാന്‍ കഴിയാതെ വന്ന സൂപ്പര്‍താരം നെയ്മറാണ് ഇത്തവണ ബ്രസീല്‍ ആക്രമണം നയിക്കുക. ഇവർക്കൊപ്പം ഫിര്‍മിനോ, റിച്ചാര്‍ലിസണ്‍, ഗബ്രിയേല്‍ ജീസസ്, മാര്‍ക്വീഞ്ഞോസ്, കാസിമിറോ, അലിസണ്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ടീമിലുണ്ട്.

വെനസ്വേലക്ക് എതിരെ വരുന്ന തിങ്കളാഴ്ച ഇന്ത്യന്‍സമയം പുലര്‍ച്ചെ 2.30നാണ് ബ്രസീലിന്റെ ആദ്യ മത്സരം. കൊവിഡ് വ്യാപന ഭീതിയുടെ സാഹചര്യത്തില്‍ ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനമുണ്ടായിരിക്കില്ല.