100 കോടിയുടെ ക്രമക്കേട്; കെഎസ്ആര്‍ടിസിയില്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കി മുഖ്യമന്ത്രി

single-img
9 June 2021

കെഎസ്ആർടിസിയിൽ നടന്ന 100 കോടി രൂപയുടെ ക്രമക്കേട് ഇനി വിജിലൻസ് അന്വേഷിക്കും. സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ഗതാഗത മന്ത്രിയുടെ ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിക്കുകയായിരുന്നു. 2010 മുതൽ കെഎസ്ആർടിസിയിൽ നിന്നും 100.75 കോടി രൂപ നഷ്ടമായെന്ന് ഓഡിറ്റിൽ കണ്ടെത്തിയതിലാണ് അന്വേഷണം നടക്കുക.

കഴിഞ്ഞ ജനുവരി 16 ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് കെഎസ്ആ‍ടിസിയുടെ 100 കോടി രൂപ കാണാനില്ലെന്ന് എംഡി ബിജു പ്രഭാകർ വെളിപ്പെടുത്തിയത്. പണത്തിന്റെ ഇടപാടുകൾ നടന്ന ഫയലുകൾ കാണിനില്ലെന്ന ഗുരുതര ആരോപണവും അദ്ദേഹം നടത്തിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ അക്കൗണ്ട് ഓഫീസർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കെഎസ്ആർടിസിയുടെ ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തല്‍.