മോഹന്‍ലാലിന്റെ ഒരു സിനിമ 100 കോടി ക്ലബ്ബില്‍ കയറാനെടുത്തത് 36 വര്‍ഷം; ഒറ്റ തെരഞ്ഞെടുപ്പോട് കൂടി ബിജെപി കയറിയത് 400 കോടി ക്ലബ്ബില്‍: മുകേഷ്

single-img
9 June 2021

കൊടകര കുഴൽപ്പണ കേസില്‍ ബിജെപിക്കെതിരെ പരിഹാസവുമായി മുകേഷ് എംഎൽഎ. അഭിനയം തുടങ്ങി ഏകദേശം 35-36 കൊല്ലം കഴിഞ്ഞിട്ടാണ് മോഹന്‍ലാലിന്റെ ഒരു സിനിമ 100 കോടി ക്ലബ്ബില്‍ കേറിയത്. പക്ഷെ ഇവിടെ ഒറ്റ തെരഞ്ഞെടുപ്പോട് കൂടി ബിജെപി 400 കോടി ക്ലബ്ബിലാണ് കേറിയത്.

കുഴലും ഹെലികോപ്റ്ററും ഉപയോഗിച്ചാണ് ബിജെപി 400 കോടി ക്ലബ്ബില്‍ അംഗത്വം നിഷ്പ്രയാസം നേടിയതെന്നും മുകേഷ് പറഞ്ഞു. ഇന്ന് നടന്ന നിയസഭയിലെ ബജറ്റിന്മേലുള്ള പൊതു ചർച്ചയിൽ സംസാരിക്കുകയായിരുന്നു മുകേഷ്.

മുകേഷിന്റെ വാക്കുകൾ ഇങ്ങിനെ:

നാം ഇവിടെ ഓക്‌സിജന്‍ പ്ലാന്റുകളില്‍ നിന്നും ആശുപത്രികളിലേക്ക് നീണ്ട കുഴലുകള്‍ സ്ഥാപിച്ച് ജീവവായു നല്‍കാന്‍ നോക്കുന്നു. ആര്‍ക്കും കുഴല്‍ എന്നുകേട്ടാല്‍ ജീവന്‍ രക്ഷിക്കാനുളള ഒരു ഉപാധി എന്നാണ് ഓര്‍മ്മ വരിക. എന്നാല്‍ ഇപ്പോള്‍ കുഴലിന് മറ്റൊരു അര്‍ത്ഥമാണുളളത് .ഈ രാജ്യം ഭരിക്കുന്ന പാര്‍ട്ടി അതിന്റെ കേരളാ ഘടകവുമായി നേരിട്ട് ബന്ധപ്പെടാനുളള മാര്‍ഗമായി പ്രത്യേക കുഴല്‍ ഉപയോഗിക്കുന്നു എന്നാണ് പറയുന്നത്. ഭഗവാന്റെ ഓടക്കുഴലിനെക്കാള്‍ ബിജെപി നേതാക്കള്‍ക്ക് പ്രിയം ഇപ്പോള്‍ അവര്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന കുഴലിനെയാണ്.

തണ്ടൊടിഞ്ഞ താമരയില്‍ വലിയ കാര്യമില്ല എന്ന് മനസിലാക്കിയതിന് ശേഷം അടുത്ത ഇലക്ഷന് താമര മാറ്റി, കുഴല്‍ ചിഹ്നമാക്കുമോ എന്നും സംശയമുണ്ട്. സിനിമകളെപ്പറ്റി പറയുകയാണെങ്കില്‍ 100 കോടി ക്ലബ്ബില്‍ കേറുന്നത് വളരെ പ്രയാസമാണ്. എത്രയോ സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഉണ്ടായിട്ടുണ്ട്, പക്ഷേ 100 കോടി ക്ലബ്ബില്‍ കേറത്തില്ല. അങ്ങനെ വല്ലപ്പോഴുമൊക്കെയാണ് കേറുന്നത്.

35-36 കൊല്ലം കഴിഞ്ഞിട്ടാണ് മോഹന്‍ലാലിന്റെ ഒരു സിനിമ 100 കോടി ക്ലബ്ബില്‍ കേറിയത്. എന്നാല്‍ ഈ ഒരു ഒറ്റ തെരഞ്ഞെടുപ്പോട് കൂടി ബിജെപി 400 കോടി ക്ലബ്ബിലാണ് കേറിയത്. കുഴലും ഹെലികോപ്റ്ററും ഉപയോഗിച്ചാണ് ബിജെപി 400 കോടി ക്ലബ്ബില്‍ അംഗത്വം നിഷ്പ്രയാസം നേടിയത്.